മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി. ദണ്ഡപാണി അന്തരിച്ചു

Wednesday 22 March 2023 4:36 AM IST

കൊച്ചി: മുൻ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനും നിയമവിദഗ്ദ്ധനുമായ കെ.പി. ദണ്ഡപാണി (79) അന്തരിച്ചു. എറണാകുളം ടി.ഡി റോഡിലെ തൃപ്തി വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വിദേശത്തുള്ള മകൾ എത്തിയശേഷം മൃതദേഹം എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന് കൈമാറും.

പരേതരായ പദ്മനാഭൻ - നാരായണി ദമ്പതികളുടെ മകനാണ്. കെമിസ്ട്രി ബി.എസ്‌സി വിജയിച്ചശേഷം എറണാകുളം ലാ കോളേജിൽനിന്ന് ഫസ്റ്റ് ലാ കോഴ്സും ബി.എൽ ബിരുദവും നേടി. 1968 മേയ് 17ന് അഭിഭാഷകനായി. മുതിർന്ന അഭിഭാഷകൻ എസ്. ഈശ്വരയ്യരുടെ കീഴിലായിരുന്നു തുടക്കം. ലാ കോളേജിൽ സഹപാഠിയായിരുന്ന ഭാര്യ സുമതിയുമായി ചേർന്ന് 1972ൽ ദണ്ഡപാണി അസോസിയേറ്റ്സ് ആരംഭിച്ചു. 1996 ഏപ്രിൽ 11ന് ഹൈക്കോടതി ജഡ്‌ജിയായി. അഞ്ചുമാസം കഴിഞ്ഞ് ഗുജറാത്തിലേക്ക് മാറ്റം വന്നതോടെ രാജിവച്ചു. 2006ൽ സീനിയർ അഭിഭാഷകനായി. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2011 മുതൽ 2016വരെ അഡ്വക്കേറ്റ് ജനറലായി.

റെയിൽവേയുടെ സീനിയർ കൗൺസലായും, പവർഗ്രിഡ് കോർപ്പറേഷൻ, കോഴിക്കോട് എൻ.ഐ.ടി, ഫെഡറൽ ബാങ്ക്, ബിവറേജസ് കോർപ്പറേഷൻ, ഗുരുവായൂർ ദേവസ്വം തുടങ്ങിയ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവായും ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു.

അഭിഭാഷകർ ഉപയോഗിക്കുന്ന കോളർ ബാൻഡ് രൂപത്തിലുള്ള ലോഗോ രൂപകല്പന ചെയ്തത് അദ്ദേഹമാണ്. ചിത്രകാരനായ അദ്ദേഹം സ്വന്തം കാറിൽ വരച്ച ബാൻഡ് പരിഷ്‌കരിച്ചാണ് രാജ്യവ്യാപകമായി അഭിഭാഷകർ ഉപയോഗിക്കുന്നത്.

ഭാര്യ: മുതിർന്ന അഭിഭാഷക സുമതി ദണ്ഡപാണി. മക്കൾ: അഡ്വ. മില്ലു ദണ്ഡപാണി (ഹൈക്കോടതി അഭിഭാഷകൻ), മിട്ടു ദണ്ഡപാണി (ആസ്‌ട്രേലിയയിലെ സിഡ്‌നിയിൽ അഭിഭാഷക). മരുമക്കൾ : അർച്ചന, മനോജ് ഗോപാലൻ (ആസ്‌ട്രേലിയയിൽ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ഉദ്യോഗസ്ഥൻ).

Advertisement
Advertisement