ഇന്ന് വിവാഹിതനാകേണ്ട യുവാവ് മുങ്ങിമരിച്ചു

Wednesday 22 March 2023 4:57 AM IST

കാഞ്ഞാണി: ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരൻ കുളിക്കുന്നതിനിടെ കനാലിൽ മുങ്ങിമരിച്ചു. ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത് പരേതനായ ഉണ്ണിക്കൃഷ്ണന്റെയും ചാരുലതയുടെയും മകൻ നിധിനാണ് (അപ്പു - 26) മരിച്ചത്. കരിക്കൊടി ചിറകെട്ടിനടുത്തുള്ള കനോലി കനാലിൽ തിങ്കളാഴ്‌ച വൈകിട്ട് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപടകം. ഇതിനിടെ അപസ്മാരമുണ്ടായ നിധിൻ വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് പറയുന്നത്.

കരിക്കൊടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ സംഘം കനോലി കനാലിൽ ബോട്ടിംഗ് നടത്തിയ ശേഷമാണ് കുളിക്കാൻ പോയത്. ആഴം കുറഞ്ഞ ഭാഗത്താണ് ഇവർ ഇറങ്ങിയതെങ്കിലും നിധിൻ വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഉടൻ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തിക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.