ആർ.എസ്.എസ് ആക്രമണക്കേസ്: സി.പി.എം കൂറുമാറ്റത്തിനെതിരെ സഭയിൽ ഇ. ചന്ദ്രശേഖരൻ

Wednesday 22 March 2023 12:00 AM IST

തിരുവനന്തപുരം: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ തന്നെ ആക്രമിച്ച കേസിൽ പ്രതികളെ വിട്ടയച്ചത് സാക്ഷികളായ സി.പി.എം പ്രവർത്തകർ കൂറു മാറിയതിനാലാണെന്ന് നിയമസഭയിൽ തുറന്നു പറഞ്ഞ് സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരൻ. സ്പീക്കറുടെ അനുമതിയോടെ നടത്തിയ വ്യക്തിപരമായ വിശദീകരണത്തിലാണ് സി.പി.എമ്മുകാരെന്ന് എടുത്തു പറയാതെ, പ്രോസിക്യൂഷൻ സാക്ഷികൾ കൂറു മാറിയതാണ് തിരിച്ചടിയായതെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കിയത്. നടുത്തളത്തിൽ കുത്തിയിരിപ്പ് സമരത്തിലായിരുന്ന പ്രതിപക്ഷാംഗങ്ങൾ അതിനെ കൈയടിച്ച് പിന്തുണച്ചു.

ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ, സി.പി.എം അംഗം കെ.പി. കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർ, ഈ കേസിൽ സാക്ഷികളാരും കൂറുമാറിയിട്ടില്ലെന്നും എല്ലാ സാക്ഷികളും ഒരേ നിലയിൽ മൊഴി നൽകിയതിനാലാണ് പ്രതികളെ ആരും തിരിച്ചറിയാതെ പോയതെന്നും പറഞ്ഞിരുന്നു. എന്നാൽ, അത് വസ്തുതാവിരുദ്ധമാണെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കി.

കാഞ്ഞങ്ങാട്ട് തുറന്ന ജീപ്പിൽ വോട്ടർമാർക്ക് നന്ദിയറിയിച്ച് നടന്ന ആഹ്ലാദപ്രകടനത്തിനിടെയാണ് ആർ.എസ്.എസ്- ബി.ജെ.പി ആക്രമണമുണ്ടായത്. കാസർകോട് അഡിഷണൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. താൻ പൊലീസിന് നൽകിയ മൊഴിക്കനുസരിച്ച് തന്നെയാണ് വിചാരണക്കോടതിയിലും മൊഴി നൽകിയത്. പ്രതികളായി കോടതിയിൽ നിൽക്കുന്നവരെല്ലാം തന്നെ ആക്രമിച്ചവരുടെ മുൻനിരയിലുണ്ടായിരുന്നതായിട്ടാണ് താൻ മൊഴി കൊടുത്തത്. എന്നാൽ അന്വേഷണ ഘട്ടത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസിന് മൊഴി കൊടുത്ത നാല് പ്രോസിക്യൂഷൻ സാക്ഷികൾ വിചാരണയ്ക്കിടെ കൂറു മാറി. ഇക്കാര്യം വിധി ന്യായത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ വച്ച് പ്രതികളെ തിരിച്ചറിഞ്ഞ് മൊഴി കൊടുത്തവർ കോടതിയിൽ മൊഴി മാറ്റിയതാണ് പ്രതികൾക്ക്

സഹായകരമായതെന്ന് സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് തന്റെ വിശദീകരണമെന്നും

ഇ. ചന്ദ്രശേഖരൻ പറഞ്ഞു.

ഇക്കാര്യത്തിൽ നിയമസഭയിൽ വിശദീകരണത്തിന് ചന്ദ്രശേഖരൻ സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവിന്റെ അനുമതി തേടിയിരുന്നു. സി.പി.ഐ അംഗം പി. ബാലചന്ദ്രൻ കേസിനെ നിസ്സാരവത്കരിച്ച് സഭയിൽ പ്രസംഗിച്ചതിലും ചന്ദ്രശേഖരന് നീരസമുണ്ടായിരുന്നു. മുൻ മന്ത്രിയും,സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമാണ് അദ്ദേഹം.

Advertisement
Advertisement