'മാലിന്യപ്രശ്നത്തിന് പരിഹാരം കാണണം'
കല്ലാച്ചി: നാദാപുരം ഗ്രാമപഞ്ചായത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കല്ലാച്ചി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വടകര മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കുന്ന ഹരിയാലി മാതൃകയിൽ സമഗ്ര പദ്ധതിക്ക് രൂപം കൊടുക്കണം. കല്ലാച്ചി ഗവ.യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ സംവാദാത്മകമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും സംവാദങ്ങളാണ് ജനതയെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം വി.കെ.ചന്ദ്രൻ, മേഖലാ പ്രസിഡന്റ് പി.കെ.അശോകൻ, നിഷ മനോജ്, എൻ.പി.കമല, ടി.മധുമോഹനൻ, വി.കെ.വനജ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് രാജേഷ് കല്ലാച്ചിയും സംഘവും അവതരിപ്പിച്ച ശാസ്ത്രഗീതവും മാത്യൂസ് വയനാടിന്റെ നാടൻ പാട്ടുകളും അരങ്ങേറി. ഭാരവാഹികളായി അനിൽകുമാർ പേരടി (പ്രസിഡന്റ്), വി.കെ.വനജ (വൈസ് പ്രസിഡന്റ്), അനൂപ്.സി.ടി (സെക്രട്ടറി), പി.രാജൻ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞടുത്തു.