അടിയന്തരാവസ്ഥ ജനാധിപത്യ രാഷ്ട്രം നേരിട്ട വലിയ വെല്ലുവിളി: സ്വാമി ചിദാനന്ദപുരി

Wednesday 22 March 2023 12:19 AM IST
അസോസിയേഷൻ ഒഫ് എമർജൻസി വിക്ടിംസ് സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ഭടന്മാരുടെ കുടുംബസംഗമവും സമരഭടന്മാരുടെ അനുഭവങ്ങൾ രേഖപ്പെടുത്തിയ 'പകൽ ഇരുണ്ടകാലം' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങും സ്വാമി ചിദാനന്ദപുരി. ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: വ്യക്തിതാത്പ്പര്യങ്ങൾക്ക് വേണ്ടി നിയമവ്യവസ്ഥകളെ അട്ടിമറിച്ച് പ്രഖ്യാപിച്ച സമ്പൂർണ അടിയന്തരാവസ്ഥ ജനാധിപത്യ ഭാരതം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് സ്വാമി ചിദാനന്ദപുരി. അസോസിയേഷൻ ഒഫ് എമർജൻസി വിക്ടിംസ് സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ഭടന്മാരുടെ കുടുംബസംഗമവും സമരഭടന്മാരുടെ അനുഭവങ്ങൾ രേഖപ്പെടുത്തിയ 'പകൽ ഇരുണ്ടകാലം' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ രചയിതാക്കളുടെ സ്വപ്നങ്ങൾക്കേറ്റ തിരിച്ചടിയായിരുന്നു അത്. ഭാരതം നേരിട്ട പ്രതിസന്ധിയെ അതിജീവിക്കാൻ കഴിഞ്ഞത് രാഷ്ട്രത്തെ സംരക്ഷിക്കാൻ പോരാടിയ ആർ.എസ്.എസിന്റെയും ജനസംഘത്തിന്റെയും പ്രവർത്തനഫലമായാണ്. അടിയന്തരാവസ്ഥയ്‌ക്കെതിരെ നടന്ന ത്യാഗനിർഭരമായ പോരാട്ടമാണ് അതിന് വഴിതെളിച്ചത്. കേരളം ഇന്ന് നേരിടുന്ന അത്യന്തം അപകടകരമായ സാഹചര്യത്തെ അതിജീവിക്കാൻ വിമോചന സമരസമാനമായ മുന്നേറ്റമുണ്ടാകണം. ദേശീയ വിദ്യാഭ്യാസ നയം തുടങ്ങി ദേശീയ രംഗത്ത് നടപ്പാക്കുന്ന ഒരു പദ്ധതിയും കേരളം പിന്തുടരുന്നില്ല. അത്യന്തം അപകടകരമാണ് ഈ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. പി.ആർ നാഥൻ കെ.പി. കൃഷ്ണന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ഡോ.സി.ആർ.മഹിപാൽ അദ്ധ്യക്ഷത വഹിച്ചു. ജന്മഭൂമി മുൻ ചീഫ് എഡിറ്റർ പി. നാരായണൻ, ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ, അസോസിയേഷൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. ശിവദാസൻ സംസ്ഥാന സെക്രട്ടറി ആർ. മോഹനൻ, പി. പ്രേമൻ, പി.എം. അശോകൻ എന്നിവർ പ്രസംഗിച്ചു. മുൻ ആർ.എസ്.എസ് പ്രചാരകന്മാരായ പി. വാസുദേവൻ, എം. നീലകണ്ഠൻ, ഇ.എം. നാരായണൻ, എസ്.പരമേശ്വരൻ, പി.കെ. മോഹനൻ, കെ. ഗംഗാധരൻ,സി. രത്നാകരൻ, ശിവദാസ്, സി. ഭാസ്‌ക്കരൻ, മിസ തടവുകാരൻ കെ.പി. കൃഷ്ണൻ എന്നിവരെ ആദരിച്ചു.