വീണ്ടെടുക്കാം, ജലസ്രോതസ്സുകളെ ജില്ലയിലൊരുങ്ങിയത് 83 കുളങ്ങൾ

Wednesday 22 March 2023 12:22 AM IST
പനങ്ങാട് പഞ്ചായത്തിൽ ഉദ്ഘാടനത്തിെനാരുങ്ങിയ കാവിൽ പാറ കുളം

@ലോക ജലദിനം ഇന്ന് @84 കുളങ്ങൾ ഇന്ന് നാടിന് സമർപ്പിക്കും

കോഴിക്കോട്: നമുക്ക് ജലസ്രോതസ്സുകളെ വീണ്ടെടുക്കാം. തൊഴിലുറപ്പ് പദ്ധതിയിലൂടെ ജില്ലയിലൊരുങ്ങിയത് 83 കുളങ്ങൾ. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി 2000 കുളങ്ങളാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാനത്തുടനീളം നിർമ്മിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി സംസ്ഥാനത്തുടനീളം നിർമ്മാണം പൂർത്തീകരിച്ച 1,000 കുളങ്ങളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ‍ 142 കുളങ്ങളാണ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്നത്. ഇതിൽ നിർമ്മാണം പൂർത്തീകരിച്ച 83 കുളങ്ങൾ ഇന്ന് നാടിന് സമർപ്പിക്കും. സംസ്ഥാനത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിച്ച്, ഒപ്പം കൃഷി സ്ഥലങ്ങളിൽ കൂടുതൽ വെള്ളം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിയോജകമണ്ഡലം തലത്തിൽ എംഎൽഎമാർ, പഞ്ചായത്ത്തലത്തിൽ പ്രസിഡന്റുമാർ എന്നിവർ ഉദ്ഘാടനം നിർവഹിക്കും. ‌‌‌‌‌‌അതത് സ്ഥലങ്ങളിലെ ഭൂപ്രകൃതിയനുസരിച്ച് കുളങ്ങളുടെ വിസ്തൃതിയിൽ മാറ്റമുണ്ട്.

ജല സംഭരണത്തോടൊപ്പം വേനലിൽ വെളളമില്ലെങ്കിൽ പോലും സമീപ പ്രദേശങ്ങളിലെ ഭൂഗർഭ ജല വിതാനം ഉയർത്താൻ സഹായിക്കുന്ന നിർമ്മിതികളാണ് കുളങ്ങൾ. കുളങ്ങൾക്ക് പുറമേ തടയണകൾ,മഴക്കുഴികൾ, മഴവെള്ള റീചാർജ് സംവിധാനങ്ങൾ എന്നിവ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്നുണ്ട് . ജില്ലയിൽ ഈ സാമ്പത്തിക വർഷം 96.5 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതിന്റെ ഏറിയ പങ്കും ഇത്തരം പ്രവൃത്തികൾക്കാണ് ചെലവഴിച്ചിട്ടുള്ളത്.