ശുഭപ്രതീക്ഷ;വിപണികളിൽ മുന്നേറ്റം

Wednesday 22 March 2023 2:28 AM IST

മുംബൈ: ആഗോള വിപണികൾ നേട്ടത്തിലെത്തിയതിന്റെ ഫലമായി ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ ഇന്നലെ ലാഭത്തിലെത്തി. സെൻസെക്‌സ് 445.73 പോയിന്റ് ഉയർന്ന് 58074.68 ലും നിഫ്റ്റി 119.10 പോയിന്റ് നേട്ടത്തിൽ 17107.50 ലും ക്ലോസ് ചെയ്യുകയായിരുന്നു. 1923 ഓഹരികൾ മുന്നേറിയപ്പോൾ 1487 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 134 ഓഹരിവിലകളിൽ മാറ്റമില്ല. എച്ച്.ഡി.എഫ്‌.സി ലൈഫ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, എസ്.ബി.ഐ ലൈഫ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ. ഹിന്ദുസ്ഥാൻ യൂണിലിവർ, പവർഗ്രിഡ്, ബ്രിട്ടാനിയ ടെക് മഹീന്ദ്ര, ടി.സി.എസ് നഷ്ടത്തിലായി.

മേഖലകളിൽ ബാങ്ക്, കാപിറ്റൽ ഗുഡ്‌സ് എന്നിവ ഒരു ശതമാനമാണ് ഉയർന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ അരശതമാനം വീതം മുന്നേറി. ആഗോളതലത്തിൽ ബാങ്കിംഗ് മേഖലയെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് വിപണിയെ തുണച്ചത്, ഏറെ നിർണായകമായ യു.എസ് ഫെഡ് റിസർവ് യോഗത്തിൽ പലിശ നിരക്ക് വർധന സംബന്ധിച്ച് കടുത്ത തീരുമാനങ്ങൾ ഉണ്ടായേക്കില്ലെന്ന ശുഭപ്രതീക്ഷയും വിപണികൾക്ക് പിൻബലമേകി.

Advertisement
Advertisement