മാലിന്യ സംസ്കരണം: മൂന്ന് അമിക്യസ്ക്യൂറിമാർ

Wednesday 22 March 2023 12:32 AM IST

കൊച്ചി: സംസ്ഥാനത്തെ മാലിന്യ സംസ്‌കരണത്തിന് ദീർഘകാലാടിസ്ഥാനത്തിൽ കൃത്യമായ മാർഗരേഖ സമർപ്പിക്കണമെന്നു നിർദ്ദേശിച്ച ഹൈക്കോടതി, നടത്തിപ്പിനും മേൽനോട്ടത്തിനും മൂന്ന് അമിക്കസ്‌ ക്യൂറിമാരെ നിയമിച്ചു.

എറണാകുളം, തൃശൂർ ജില്ലകളിൽ ടി.വി.വിനുവിനെയും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ എസ്. വിഷ്ണുവിനെയും, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പൂജ മേനോനെയുമാണ് നിയമിച്ചത്. മാർഗനിർദ്ദേശങ്ങൾ അടങ്ങിയ കോടതി ഉത്തരവിന്റെ മലയാളം പരിഭാഷ തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറണമെന്നും ബ്രഹ്മപുരം കേസ് സ്വമേധയാ പരിഗണിച്ച ഹർജിയിൽ ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഹർജി അടുത്ത മാസം മൂന്നിന് വീണ്ടും പരിഗണിക്കും.
. ബ്രഹ്മപുരത്ത് മൂന്നു ഘട്ടമായാണ് കർമ്മപരിപാടികൾ നടപ്പാക്കുക. ഖരമാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച ആദ്യ റിപ്പോർട്ട് ഈ മാസം മൂന്നിനും പിഴ ചുമത്തുന്നതടക്കമുള്ള നടപടികളുടെ റിപ്പോർട്ട് 14നും ജില്ലാ അധികൃതർ കോടതിക്ക് സമർപ്പിച്ചിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടികളെക്കുറിച്ചും മറ്റുമുള്ളതാണ് അടുത്തഘട്ടം. പരിസ്ഥിതി നിയമലംഘനക്കേസിൽ നടപടിയെടുക്കാൻ ഓരോ ജില്ലയിലും മജിസ്‌ട്രേറ്റിനു ചുമതല നല്കണമെന്ന് ചീഫ് ജസ്റ്റിസിന് അപേക്ഷ നല്കുന്നത് പരിഗണിക്കും.കർമ്മപരിപാടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നേരിട്ടു ഹാജരായ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധന് നിർദ്ദേശം നൽകി. മൂന്നാറിലും മറ്റു ടൂറിസം മേഖലകളിലും പ്ലാസ്റ്റിക് നിയന്ത്രിക്കാൻ ഗ്രീൻ ചെക്ക് പോയിന്റുകൾ സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ശാരദാ മുരളീധരൻ അറിയിച്ചു.


മറ്റു നിർദ്ദേശങ്ങൾ
 ബന്ധപ്പെട്ട അധികൃതരുടെ മേൽനോട്ടത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തി യഥാസമയം റിപ്പോർട്ട് നൽകണം.
 പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മാലിന്യസംസ്‌കരണ നടപടികൾ ഏകോപിപ്പിക്കുകയും ജില്ലാ തലത്തിൽ വിലയിരുത്തുകയും വേണം.
 പ്ലാസ്റ്റിക് , അപകടകരമായ രാസവസ്തുക്കൾ, മറ്റു ജൈവമാലിന്യങ്ങൾ എന്നിവ വേർതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കണം.

 വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം തടയുന്നതടക്കമുള്ള നടപടികൾ പരിഗണിക്കണം.

 സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തി ശിക്ഷാനടപടികൾ സ്വീകരിക്കണം.

Advertisement
Advertisement