സന്തോഷ് ഈപ്പൻ ഇ.ഡി കസ്റ്റഡിയിൽ
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ സന്തോഷ് ഈപ്പൻ നാലു ദിവസം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ. നേരത്തെ അറസ്റ്റിലായ എം. ശിവശങ്കറിന്റെ റിമാൻഡ് കാലാവധി ഏപ്രിൽ നാലു വരെ നീട്ടി. ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി. ജോസിൽ നിന്ന് ഇ.ഡി വീണ്ടും മൊഴിയെടുത്തു.
തിങ്കളാഴ്ച രാത്രിയിലാണ് കരാറുകാരനായ യൂണിടെക് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പനെ ഇ.ഡി അറസ്റ്റു ചെയ്തത്. കോടതി കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് ചോദ്യം ചെയ്യൽ ഇന്നലെയും തുടർന്നു. ഇന്നലെ വീണ്ടും വിളിച്ചുവരുത്തിയ യു.വി. ജോസിന്റെ സാന്നിദ്ധ്യത്തിൽ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തു.
സന്തോഷ് ഈപ്പനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ചോദ്യം ചെയ്യലിൽ നൽകിയ വിവരങ്ങളുടെ സ്ഥിരീകരണത്തിനാണ് യു.വി. ജോസിനെ വിളിച്ചുവരുത്തിയത്. മുമ്പ് രണ്ടുതവണ ജോസിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു. എം. ശിവശങ്കർ നേരിട്ടിടപെട്ടാണ് ചർച്ചകൾ നടത്തിയതും കരാറിൽ ഒപ്പിട്ടതുമെന്ന് ജോസ് മൊഴി നൽകിയിരുന്നു. ആർക്കെല്ലാമാണ് കോഴപ്പണം ലഭിച്ചതെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.
വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഫ്ളാറ്റുകൾ നിർമ്മിക്കാൻ ദുബായിയിലെ റെഡ് ക്രെസന്റ് നൽകിയ 20 കോടി രൂപയിൽ 4.5 കോടി കോഴയായി നൽകിയെന്ന കേസാണ് ഇ.ഡി അന്വേഷിക്കുന്നത്. കേസിൽ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പൻ കോഴ നൽകിയതായി മൊഴി നൽകിയിരുന്നു. യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കുൾപ്പെടെ കോഴപ്പണം ലഭിച്ചതായി മുൻ ഉദ്യോഗസ്ഥ സ്വപ്ന സുരേഷും മൊഴി നൽകിയിട്ടുണ്ട്.