മലയാറ്റൂർ അവാർഡ് ബെന്യാമിന്

Wednesday 22 March 2023 12:25 AM IST

കൊല്ലം : അഞ്ചൽ ശബരിഗിരി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനാറാമത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും കഥാകൃത്തുമായി ബെന്യാമിന്റെ 'നിശ്ശബ്ദ സഞ്ചാരങ്ങൾ' എന്ന നോവലിനു ലഭിച്ചു.

25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.

ശ്രദ്ധേയമായ യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് വി.കെ ദീപയുടെ 'വുമൺ ഈറ്റേഴ്സ് ' എന്ന കഥാസമാഹാരത്തിനാണ്. 10,000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് മലയാറ്റൂർ പ്രൈസ്. കെ.ജയകുമാർ ചെയർമാനും ഡോ.ജോർജ്ജ് ഓണക്കൂർ, ഡോ.വി.കെ. ജയകുമാർ, അനീഷ് കെ.അയിലറ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാർഡ് കൃതികൾ തിരഞ്ഞെടുത്തത്. പുരസ്കാര സമർപ്പണം ഏപ്രിൽ ആദ്യവാരം നടക്കും.

സേതു, എം. മുകുന്ദൻ, യു.എ.ഖാദർ, പി.മോഹനൻ, പെരുമ്പടവം ശ്രീധരൻ, കെ.പി.രാമനുണ്ണി, എൻ. പ്രഭാകരൻ, ഉണ്ണികൃഷ്ണൻ തിരുവാഴിയോട്, പ്രഭാവർമ്മ, വി.മധുസൂദനൻ നായർ, ടി.ഡി. രാമക ഷ്ണൻ, സതീഷ് ബാബു പയ്യന്നൂർ,സക്കറിയ, ഡോ.ജോർജ്ജ് ഓണക്കൂർ, സജിൽ ശ്രീധർ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ മലയാറ്റൂർ അവാർഡ് ലഭിച്ചിട്ടുള്ളത്.