യൂത്ത് കോൺഗ്രസുകാർക്ക് നേരെ അക്രമം: യൂത്ത് കമ്മിഷൻ അദ്ധ്യക്ഷയെ പ്രതിയാക്കണമെന്ന ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

Wednesday 22 March 2023 12:35 AM IST

കൊല്ലം: യൂത്ത് കോൺഗ്രസുകാരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ യൂത്ത് കമ്മിഷൻ അദ്ധ്യക്ഷ ചിന്താജെറോമിന്റെ പങ്ക് അന്വേഷിക്കണമെന്ന ഹർജിയിൽ രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

ചിന്താ ജെറോമിന്റെ നക്ഷത്ര ഹോട്ടൽ വാസം പുറത്തുകൊണ്ടുവന്നതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്നും അതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണുസുനിൽ പന്തളം, അഡ്വ.ധീരജ് രവി മുഖേന ഫയൽ ചെയ്ത ഹർജിയിലാണ് കോടതി ഇടപെടൽ. ആക്രമണത്തിന് ശേഷവും അതിന് മുമ്പും ചിന്താജെറോമിനൊപ്പം പ്രതികൾ ഒന്നിച്ച് അത്താഴം കഴിക്കുന്നതിന്റെയും പാട്ടു പാടുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും പ്രതികൾ തന്നെ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചിരുന്നതായും ഹർജിയിൽ പറയുന്നു. ആക്രമണത്തിന് പിന്നാലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നവമാദ്ധ്യമങ്ങളിലൂടെ ഗൂഢാലോചന വ്യക്തമാക്കുന്ന പ്രചരണങ്ങൾ നടത്തി. ഇതിന്റെയെല്ലാം തെളിവുകളും ഹർജിക്കാർ കോടതിയിൽ ഹാജരാക്കി.

അക്രമസംഭവത്തിൽ രണ്ട് പ്രതികൾ മാത്രമാണ് കീഴടങ്ങിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അടക്കം 21 ഓളം പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തെങ്കിലും മറ്റാരെയും പൊലീസ് പിടികൂടിയില്ല. വധശ്രമം ചുമത്തിയതിന്റെയും പ്രതികളെ തിരഞ്ഞ് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി ഓഫീസിൽ എത്തിയതിന്റെയും പേരിൽ കൊല്ലം ഈസ്റ്റ് സി.ഐയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അന്വേഷണം പെട്ടെന്ന് അവസാനിപ്പിച്ച് കുറ്രപത്രം സമർപ്പിക്കാൻ പൊലീസിൽ സർമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് പൊലീസിനോട് കോടതി പുതിയ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിഷ്‌പക്ഷമായി അന്വേഷിക്കണം

കോടതി ആവശ്യപ്പട്ട റിപ്പോർട്ട് തയ്യാറാക്കാൻ പൊലീസ് നിഷ്‌പക്ഷമായി അന്വേഷണം നടത്തിയാൽ യൂത്ത് കോൺഗ്രുസുകാരെ ആക്രമിച്ചതിന് പിന്നിലെ യൂത്ത് കമ്മിഷൻ അദ്ധ്യക്ഷയുടെ ഗൂഢാലോചന പുറത്ത് വരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement