പ്രതിപക്ഷ സമീപനം അജൻഡയുടെ ഭാഗം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

Wednesday 22 March 2023 2:00 AM IST

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹം മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നിയമസഭയിൽ കണ്ടതെന്നും പ്രതിപക്ഷ അജണ്ടയുടെ ഭാഗമാണതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. തൈയ്ക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ഗവ. കരാറുകാർക്കായുള്ള പ്രൈസ് പോർട്ടൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനത്തിന്ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബി.ജെ.പിക്ക് ഒരു പ്രതിപക്ഷ നേതാവില്ലാത്ത കുറവ് പ്രതിപക്ഷ നേതാവ് പരിഹരിച്ച് കൊടുക്കുന്നുണ്ട്.പ്രതിപക്ഷ നേതാവും ചില കോൺ എം.എൽ.എമാരും മാത്രമാണ് പ്രശ്നം ഉണ്ടാക്കുന്നത്. സഭയിലെ പ്രതിഷേധത്തിലും മുദ്രാവാക്യം വിളിയിലും ഇത് വ്യക്തമാണ്. ഒറ്റക്കെട്ടായല്ല പ്രതിപക്ഷ സമരം. പെട്ടിപ്പിടുത്തക്കാർ ആഞ്ഞടിച്ചാൽ ഇടതുസർക്കാർ തകർന്നുപോകില്ലെന്നും ഇതിലും വലിയ വെല്ലുവിളികൾ അതിജീവിച്ച ചരിത്രവും പാരമ്പര്യവുമാണ് സി.പി.എമ്മിനും ഇടതുമുന്നണിക്കുമുള്ളത്.ഇന്നത്തെ സതീശന്റെ പെട്ടിപ്പിടുത്തക്കാർ പണ്ട് മറ്റ് പലരുടെയും പെട്ടിപ്പിടുത്തക്കാരായിരുന്നുവെന്നും മന്ത്രി പരിഹസിച്ചു.