ജലജീവൻ മിഷൻ: 538 കോടി കൂടി അനുവദിച്ചു
Wednesday 22 March 2023 2:05 AM IST
തിരുവനന്തപുരം: ജലജീവൻ മിഷൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ ആദ്യഗഡുവിൽ സംസ്ഥാന സർക്കാരിന്റെ വിഹിതമായ 538.76 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കേന്ദ്ര വിഹിതമായ 551.63 കോടി നേരത്തെ അനുവദിച്ചിരുന്നു. ഇതോടെ രണ്ടാം ഘട്ടത്തിൽ 1090 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തുല്യപങ്കാളിത്തത്തോടെയാണ് പദ്ധതി നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉപഭോക്തൃ വിഹിതവും ചേർന്നാണ് സംസ്ഥാനത്തിന്റെ വിഹിതം നൽകുന്നത്. 2024 ഓടെ പദ്ധതി പൂർത്തീകരിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. 70 ലക്ഷത്തോളം ഗ്രാമീണ ഭവനങ്ങളിലാണ് പദ്ധതിയിലൂടെ കണക്ഷൻ നൽകേണ്ടത്. 33 ലക്ഷത്തോളം കണക്ഷനുകൾ ഇതിനോടകം നൽകിയിട്ടുണ്ട്.