കല്ലറ തുറന്നാൽ പ്രശ്നമാണെന്ന് ജോളി പറഞ്ഞു: 21-ാം സാക്ഷി
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയിലെ റോയ് തോമസ് കൊലക്കേസിന്റെ സാക്ഷി വിസ്താരം പുരോഗമിക്കവെ പ്രതിയായ ജോളിക്കെതിരേ ശക്തമായ സാക്ഷി മൊഴിയുമായി 21-ാം സാക്ഷി. പൊലീസ് കല്ലറ തുറക്കുന്നതിന് മുമ്പ് മൃതദേഹാവശിഷ്ടങ്ങൾ മാറ്റണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നതായി 21-ാം സാക്ഷി ജോൺസൺ മൊഴിനൽകി. ജോളിയുമായി അടുത്തസൗഹൃദം ഉണ്ടായിരുന്നെന്നും കോഴിക്കോട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ ജോൺസൺ മൊഴി നൽകി.
വടകര ജില്ലാ ക്രൈംബ്രാഞ്ച് കൂടത്തായ് കേസുമായി ബന്ധപ്പെട്ട് കല്ലറകൾ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചതോടെയാണ് ഒന്നാം പ്രതി ജോളി സഹായത്തിനായി ബന്ധുക്കളെയും സുഹൃത്തുക്കളെയും സമീപിച്ചത്. കല്ലറകൾ തുറന്നാൽ പ്രശ്നമാവുമെന്ന് 2019 ഒക്ടോബർ 2ന് ജോളി പറഞ്ഞെന്ന് സാക്ഷി ജോൺസൺ മൊഴിനൽകി. മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പൊലീസ് പരിശോധിച്ചാൽ കുറ്റകൃത്യം തെളിയും. അതിനാൽ കല്ലറകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ജോളി ആവശ്യപ്പെട്ടെന്നും ജോൺസൺ കോഴിക്കോട് പ്രത്യേക കോടതി മുമ്പാകെ പറഞ്ഞു. അന്നമ്മ തോമസിന് വിഷം കൊടുത്തും അഞ്ചുപേരെ സയനൈഡ് നൽകിയും കൊല്ലുകയായിരുന്നെന്ന് ജോളി സമ്മതിച്ചിരുന്നതായും സയനൈഡ് തന്നത് ഷാജിയാണെന്ന് പറഞ്ഞുവെന്നും ജോൺസൺ പറഞ്ഞു. എം.എസ്. മാത്യുവിന് ഷാജിയെന്ന പേരില്ലെന്ന് മാത്യുവിന്റെ അഭിഭാഷകൻ ഷഹീർസിംഗ് വാദിച്ചു. ഷാജിയെന്നാണ് എം.എസ്. മാത്യുവിനെ വിളിക്കുന്നതെന്ന് ജോൺസൺ ബോധിപ്പിച്ചു. ഒന്നാം പ്രതിയുമായി അടുത്തസൗഹൃദമുണ്ടായിരുന്നെന്നും കേസ് നടത്താൻ ജോളി സ്വർണം കൈമാറിയിരുന്നെന്നും ജോൺസന്റെ മൊഴിയിലുണ്ട്.