സെക്രട്ടേറിയറ്റിലെ അക്‌സസ് കൺട്രോൾ പൂട്ട് ഏപ്രിലിൽ പരീക്ഷാണാർത്ഥം നടപ്പാക്കുന്നത് രണ്ട് മാസം

Wednesday 22 March 2023 2:15 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്രിൽ പഞ്ച് ചെയ്‌ത് മുങ്ങുന്നവരെ പിടിക്കാൻ ഏപ്രിൽ മുതൽ രണ്ടുമാസം പരീക്ഷണാടിസ്ഥാനത്തിൽ അക്‌സസ് കൺട്രോൾ സംവിധാനം നടപ്പാക്കും. പിന്നീട് ബയോമെട്രിക് ഹാജരുമായി ബന്ധിപ്പിക്കുമെന്ന് പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഡിസംബറിൽ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചെങ്കിലും തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയായിരുന്നു. സംഘടനകളുമായി ചർച്ച വേണ്ടന്ന് മുഖ്യമന്ത്രി ഫയലിൽ എഴുതിയതോടെയാണ് സംവിധാനം നടപ്പാക്കാൻ അരങ്ങൊരുങ്ങിയത്. ഇതിന്റെ ചുമതല ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ നിന്ന് പൊതുഭരണ രഹസ്യ വിഭാഗത്തിലേക്ക് മാറ്റി. കൊച്ചി മെട്രോയുടെ സഹായത്തോടെ 1.95 കോടിക്ക് കെൽട്രോണാണ് സംവിധാനം നടപ്പാക്കുന്നത്.

 ഉദ്യോഗസ്ഥരുടെ മുങ്ങൽ പിടിക്കും സെക്രട്ടേറിയറ്റിൽ രാവിലെയും വൈകിട്ടുമാണ് പഞ്ചിംഗ്. ഇടയ്ക്കുള്ള സമയത്ത് പുറത്തുപോയാൽ രേഖപ്പെടുത്താൻ സംവിധാനമില്ല. അക്സസ് കൺട്രോളിനെ ബയോമെട്രിക് ഹാജരുമായി ബന്ധിപ്പിക്കുന്നതോടെ ജോലി സമയത്ത് ജീവനക്കാർ എത്രതവണ പുറത്തിറങ്ങിയെന്ന് അറിയാനാവും. എന്നാൽ വിതരണ സോഫ്‌‌റ്റ്‌വെയറായ സ്‌പാർക്കുമായി അക്സസിനെ ബന്ധിപ്പിച്ചാലേ ശമ്പളം കുറയൂ. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. സന്ദർശകർക്ക് നൽകുന്ന വിസിറ്റർ കാർഡ് മടങ്ങുമ്പോൾ തിരിച്ചേൽപ്പിക്കണം. ഇത്തരത്തിൽ 1000 കാർഡുകൾ തയ്യാറായി.

അക്‌സസ് കൺട്രോൾ  നെറ്റ്‌വർക്കിലൂടെ നിയന്ത്രിക്കുന്ന ഇലക്ട്രോണിക് സംവിധാനം.

 സോഫ്‌റ്റ്‌വെയറും തിരിച്ചറിയൽ കാർഡിലെ ബാർകോഡും ബന്ധിപ്പിച്ചുള്ള പ്രവർത്തനം

 മൂന്നുമുതൽ ആറുവരെ ഫ്ളാപ്പ് ബാരിയറുകൾ

 തുറക്കറണെങ്കിൽ കാർഡ് സ്വൈപ്പ് ചെയ്യണം

 അടിയന്തര സാഹചര്യങ്ങളിൽ ബാരിയറുകൾ ഒരുമിച്ച് തുറക്കാൻ മാസ്റ്റർ കൺട്രോൾ

അക്സസ് പോയിന്റുകൾ

 ചീഫ് സെക്രട്ടറിയുടെ ഓഫീസ് അടക്കമുള്ള മെയിൻ ബി​ൽഡിംഗ്: 3

 മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബിൽഡിംഗ് : 2

 അനക്‌സ് 1: 2

 അനകസ് 2: 2

 ഡർബാർ ഹാളിന് പിറകിലുള്ള ഓഫീസ് : 1

 ധനകാര്യ വകുപ്പ് ബിൽഡിംഗ്: 2

 നിയമവകുപ്പ്: 1

'ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല. ഇതുമായി മുന്നോട്ടുപോയാൽ പ്രക്ഷോഭമുണ്ടാകും".

- സെ​ക്ര​ട്ടേ​റി​യ​റ്റ് ​എം​പ്ലോ​യി​സ് ​അ​സോ​സി​യേ​ഷൻ

'നടപ്പാക്കുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നു".

- കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ