പ്രാർത്ഥനകൾ വിഫലമായി; കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

Wednesday 22 March 2023 11:04 AM IST

ചെന്നൈ: മലയാളത്തിലെ യുവകഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. പനി ബാധിച്ച് കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ജയേഷിന് തലചുറ്റിവീണ് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഗുരുതരാവസ്ഥയിലുള്ള ജയേഷിന് മികച്ച ചികിത്സയ്ക്കായി സുഹൃത്തുക്കൾ പണം സമാഹരിച്ച് വരുന്നതിനിടെയാണ് വേർപാട്. മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നിവരുടെ രചനകൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തതും ജയേഷ് ആണ്. പാലക്കാട് സ്വദേശിയാണ്. വ്യാഴാഴ്ച രാവിലെ പത്തിന് സ്വദേശമായ തേൻകുറിശ്ശി വിളയന്നൂരിൽ വച്ച് മരണാനന്തര ചടങ്ങുകൾ നടക്കും.