ഇതുകൊണ്ടല്ലേ നന്നാകാത്തത്, ടിക്കറ്റിന് നൽകിയത് കീറിയനോട്ടെന്ന് പറഞ്ഞ് എട്ടാം ക്ളാസുകാരനെ വനിതാ കണ്ടക്‌ടർ പൊരിവെയിലത്ത് ഇറക്കിവിട്ടു
തിരുവനന്തപുരം: പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എട്ടാം ക്ലാസുകാരൻ ടിക്കറ്രെടുക്കാൻ നൽകിയ നോട്ട് കീറിയതെന്നു പറഞ്ഞ് നട്ടുച്ചയ്ക്ക് നടുറോഡിൽ ഇറക്കിട്ട് കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടറുടെ ക്രൂരത. ആക്കുളം എം.ജി.എം സ്‌കൂൾ വിദ്യാർത്ഥിക്കാണ് ദുരനുഭവം.
കൈയിൽ ആകെ ഉണ്ടായിരുന്ന 20 രൂപാ നോട്ടാണ് കുട്ടി നൽകിയത്. ബസിൽ നിന്ന് ഇറക്കിവിട്ട കുട്ടി അരമണിക്കൂറിലേറെ കാത്തു നിന്നു. ഒടുവിൽ ഒരാൾ ബൈക്കിൽ കയറ്റി കുറച്ചു ദൂരമെത്തിച്ചു. അവിടന്ന് പൊരിവെയിലത്ത് രണ്ടു കിലോമീറ്ററിലേറെ നടന്നാണ് വീട്ടിലെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12.30ന് പരീക്ഷ കഴിഞ്ഞാണ് സ്‌കൂളിന് സമീപത്തെ സ്റ്റോപ്പിൽ നിന്ന് വിദ്യാർത്ഥി സിറ്റി ഷട്ടിൽ ബസിൽ കയറിയത്. വേൾഡ് മാർക്കറ്റ് സ്റ്റോപ്പിലാണ് ഇറക്കിവിട്ടത്.
വിവരമറിഞ്ഞ് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം കുട്ടിയുടെ പാറ്രൂരിലെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. വകുപ്പുതല അന്വേഷണത്തിനു ശേഷം കണ്ടക്ടർക്കെതിരെ നടപടിയുണ്ടാകും.
അമ്മയുടെ പ്രായമുള്ള കണ്ടക്ടർ
അമ്മയുടെ പ്രായമുള്ള കണ്ടക്ടറാണ് തന്നെ ഇറക്കിവിട്ടതെന്ന് കുട്ടി പറഞ്ഞു. കൈയിൽ വേറെ പണമില്ലെന്നും അച്ഛൻ കടയിലായതിനാൽ എത്താൻ കഴിയില്ലെന്നും പാറ്രൂർ വരെ എത്തിക്കണമെന്നും പറഞ്ഞു. എന്നാലിത് കേൾക്കാതെ ഇറങ്ങാൻ ആവശ്യപ്പെട്ടു. അര മണിക്കൂർ കാത്തു നിന്നെങ്കിലും വേറെ ബസ് വന്നില്ല. തുടർന്നാണ് ഒരു ചേട്ടന്റെ ബൈക്കിൽ ചാക്കയിൽ ഇറങ്ങി അവിടന്ന് പാറ്റൂരിലെ വീട്ടിലേക്ക് നടന്നത്. ഏറെ നേരം വെയിൽ കൊണ്ടതിന്റെ ക്ഷീണമുണ്ടെന്നും കുട്ടി പറഞ്ഞു. ഇന്നും പരീക്ഷയുണ്ട്.
''വേറൊരു കുട്ടിക്കും ഈ ഗതി വരരുത്. അക്കാര്യം ഉറപ്പാക്കാൻ ഗതാഗതവകുപ്പിന് കഴിയുമെന്നാണ് പ്രതീക്ഷ"".
- കുട്ടിയുടെ മാതാപിതാക്കൾ