'പ്രചരിക്കുന്നത് കെ കെ രമയുടെ എക്‌സ്‌റേ അല്ല'; സ്ഥിരീകരിച്ച് ഡോക്ടർ

Wednesday 22 March 2023 4:50 PM IST

തിരുവനന്തപുരം: കെ കെ രമയുടേതെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന എക്സ്റേ വ്യാജമാണെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചതായി എംഎൽഎയുടെ ഓഫീസ്. രമയുടെ കയ്യിലെ പരിക്ക് വ്യാജമാണെന്ന് കാട്ടിയുള്ള എക്സ്റേയുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.

പരിശോധനയ്ക്കായി ഇന്ന് ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ രമ ഡോക്ടറെ കാണിച്ചത്. ഇത് കെ കെ രമയുടെ എക്സ്റേ അല്ലെന്നും പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ കൂട്ടിച്ചേർത്തതാണെന്നും ഡോക്ടർ അറിയിച്ചു. ലിഗമെന്റിന് പരിക്കുണ്ട്. എത്രത്തേളം പരിക്കുണ്ടെന്നറിയാൻ എംആർഐ സ്കാൻ നടത്തണമെന്നും ഡോക്ടർ പറഞ്ഞു. അതുവരെ പ്ലാസ്റ്റർ തുടരാനും നിർദേശിച്ചു. സ്കാനിന് ശേഷം തുടർ ചികിത്സ തീരുമാനിക്കുമെന്ന് ഡോക്ടർ പറഞ്ഞതായും കെ കെ രമയുടെ ഓഫീസ് അറിയിച്ചു.