ബഡ്ജറ്റ് പൊള്ളയായ വാഗ്ദാനം മാത്രമെന്ന്

Thursday 23 March 2023 12:58 AM IST

പാലക്കാട്: നഗരസഭ ബഡ്ജറ്റ് പൊള്ളയായ വാഗ്ദാനം മാത്രമാണെന്ന് യു.ഡി.എഫ് നേതാക്കളായ കെ.സാജോജോൺ, സെയ്ത് മീരാൻ ബാബു എന്നിവർ ആരോപിച്ചു. കഴിഞ്ഞ തവണത്തെ നിർദ്ദേശങ്ങളായ സ്റ്റേഡിയം സ്റ്റാൻഡ്, പാതിവഴിയിൽ നിൽക്കുന്ന മൂന്ന് വാണിജ്യ കോംപ്ലക്സുകൾ, നിലാവ് പദ്ധതി, അറവുശാല നിർമ്മാണം എന്നിവയൊന്നും പൂർത്തീകരിക്കാൻ പദ്ധതിയില്ല.

മുൻസിപ്പൽ സ്റ്റാൻഡിനായി വി.കെ.ശ്രീകണ്ഠൻ എം.പി.യുടെ ഫണ്ട് ഉപയോഗിച്ചതല്ലാതെ നഗരസഭ ഉത്തരവാദിത്വം നിർവഹിച്ചില്ല. പുതിയ റോഡുകൾക്കായി നഗരവീഥി പദ്ധതിയും ജ്യോതിർഗമയ തെരുവ് വിളക്ക് പദ്ധതിയും മാലിന്യ നിർമ്മാർജ്ജനം തുടങ്ങി വെളിച്ചം കാണാത്ത പദ്ധതികളെ കുറിച്ച് വ്യക്തമായ മറുപടി പറയാൻ ഭരണസമിതിക്കാവുന്നില്ല.

കൊച്ചിൻ ഷിപ്പ്യാർഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് കാമറ സ്ഥാപിക്കാൻ കഴിയാത്ത ഭരണസമിതിയാണ് നടക്കാത്ത പ്രഖ്യാപനങ്ങളുമായി ജനങ്ങളെ വെല്ലുവെളിക്കുന്നതെന്നും അവലോകന റിപ്പോർട്ട് മുൻകൂട്ടി അംഗങ്ങൾക്ക് നൽകാതെ നടത്തിയ ഒളിച്ചുകളിയിൽ പ്രതിഷേധിക്കുന്നതായും ഇവർ പറഞ്ഞു.