കല്ലട ബസിലെ പീഡന ശ്രമം, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

Thursday 20 June 2019 3:20 PM IST

തിരുവനന്തപുരം: കല്ലട ബസിലെ പീഡനശ്രമത്തിൽ നടപടിയുമായി സർക്കാർ. ഡ്രൈവർ ജോൺസന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. കേസുമായി ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം അന്തർ സംസ്ഥാന ബസുകളിൽ ഭൂരിഭാഗവും സംസ്ഥാനത്തിന് പുറത്താണ് രജിസ്റ്റർ ചെയ്തതെന്നും പെർമിറ്റുകൾ റദ്ദാക്കാൻ പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു.

അന്തർ സംസ്ഥാന ബസുകളിലെ അമിതനിരക്കുകളുൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ മൂന്ന് ദിവസത്തിനകം ഇടക്കാല റിപ്പോർട്ട് നൽകുമെന്ന് ജസ്റ്റിസ് എം.രാമചന്ദ്രൻ അറിയിച്ചു. ബസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ് യുവതിയെ ബസിന്റെ രണ്ടാം ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. കോട്ടയം സ്വദേശി ജോൺസൺ ജോസഫ് എന്നയാളാണ് ബസിന്റെ രണ്ടാം ഡ്രൈവർ.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചാണ് ബസിനൊപ്പം ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂരിൽ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സ്ലീപ്പർ ബസിൽ വച്ചാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് യാത്രക്കാർ ബഹളം വയ്ക്കുകയായിരുന്നു.