ബ്രഹ്മപുരം തീപിടിത്തത്തിൽ സി ബി ഐ അന്വേഷണം വേണം,​ സോൺട കമ്പനിക്ക് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് പ്രകാശ് ജാവദേക്കർ

Wednesday 22 March 2023 7:11 PM IST

ന്യൂഡൽഹി: ബ്രഹ്മപുരം വിഷയം ദേശീയതലത്തിൽ ചർച്ചയാക്കി ബി.ജെ.പി. ബ്രഹ്മപുരം തീപിടിത്തത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി,​ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു. ഖരമാലിന്യ സംസ്കരണത്തിൽ കേരളം മാനദണ്ഡങ്ങൾ ലംഘിച്ചെന്നും അതിന്റെ ദൂഷ്യഫലമാണ് കൊച്ചിയിൽ കണ്ടെതെന്നും ജാവദേക്കർ പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറി അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സോൺടയ്ക്ക് വേണ്ടി വഴിവിട്ട് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പങ്കും പരിശോധിക്കണം. കൊച്ചിയിലെ ജനങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ഇതിന് ആരോട് സമാധാനം പറയേണ്ടതെന്നും ജാവദേക്കർ ചോദിച്ചു.

സോൺട കമ്പനിക്കാണ് കരാർ നൽകിയത്. അവർ മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകി. 55 കോടിക്ക് എടുത്ത കരാർ 22 കോടിക്ക് ഉപകരാറായി നൽകി,​. ഉപകരാർ നൽകിയത് യു.ഡി.എഫ് നേതാവിന്റെ ബന്ധുവിനാണെന്നും ജാവദേക്കർ പറഞ്ഞു,​ ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതി കേരള സർക്കാർ അട്ടിമറിച്ചെന്നും ജാവദേക്കർ ആരോപിച്ചു.