അത്താണി - ചെങ്ങമനാട് റോഡിൽ അപകടങ്ങൾ ഒഴിയുന്നില്ല

Thursday 23 March 2023 12:09 AM IST

നെടുമ്പാശേരി: അത്താണി - ചെങ്ങമനാട് റോഡിൽ അപകടങ്ങൾ ഒഴിയുന്നില്ല. ചെങ്ങമനാട് ഇന്ത്യൻ ബാങ്കിന് സമീപം സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റു. ചെങ്ങമനാട് സി.എം.എസ് പവർഹൗസ് ജീവനക്കാരനായ കാലടി കൈപ്പട്ടൂർ മറ്റൂർ സ്വദേശി അഭിഷേകിനാണ് (24) സാരമായി പരുക്കേറ്റത്. ബുധനാഴ്ച രാവിലെ 9.10 ഓടെയായിരുന്നു അപകടം.

അത്താണി ഭാഗത്ത് നിന്ന് ബൈക്കിൽ വരുകയായിരുന്ന അഭിഷേക് ബാറ്ററി കടയിലേക്ക് തിരിയുന്നതിനിടെയാണ് ആലുവ - പുത്തൻവേലിക്കര റൂട്ടിൽ സർവീസ് നടത്തുന്ന പിറകിൽ വന്ന ബസ് ഇടിച്ചു തെറിപ്പിച്ചത്. 15 മീറ്ററോളം ദൂരെ തെറിച്ചുവീണു. അവശനിലയിലായ അഭിഷേകിനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നട്ടെല്ലിനും തലയ്ക്കുമാണ് പ്രധാന പരുക്ക്. അപകട സമയത്ത് എതിർദിശയിൽ നിന്ന് വാഹനങ്ങൾ വരാതിരുന്നതാണ് വൻ ദുരന്തം ഒഴിവായത്.

അത്താണി- പറവൂർ റോഡിൽ പുത്തൻതോട് ഭാഗത്തെ കുപ്പിക്കഴുത്താകൃതിയിലായ വളവുകൾ നിവർത്താത്തതും റോഡ് നവീകരിക്കാത്തതുമാണ് അപകടങ്ങൾ പതിവാകാൻ കാരണമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. പുറമ്പോക്ക് വീണ്ടെടുത്ത് റോഡ് നവീകരണത്തിന് ഒരു വർഷം മുമ്പ് സംസ്ഥാന ബഡ്ജറ്റിൽ രണ്ടര കോടി അനുവദിച്ചെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പ്രാരംഭ നടപടികൾ പോലും പൂർത്തീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ഇതേ തുടർന്ന് മേഖലയിലെ റെസിഡൻസ് അസോസിയേഷനുകളുടെ സംയുക്തവേദി 27 ന് ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.