ആശ്വാസമായി തണ്ണീർപ്പന്തലുകൾ

Thursday 23 March 2023 12:20 AM IST

പത്തനംതിട്ട : വേനൽച്ചൂടിൽ നിന്ന് രക്ഷയൊരുക്കാൻ ജില്ലയിൽ തണ്ണീർപ്പന്തലുകൾ സജീവമാകുന്നു. മൺകൂജയിൽ തണുത്ത വെള്ളവും തണ്ണിമത്തങ്ങ ജ്യൂസും ആവശ്യംപോലെ ലഭിക്കും. ജില്ലയിൽ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ സ്ഥാപിക്കുന്നുണ്ട്. ചൂട് കൂടിയതോടെയാണ് യാത്രക്കാർക്ക് വെള്ളം കുടിക്കാനായി തണ്ണീർപ്പന്തൽ എന്ന സംവിധാനം ലക്ഷ്യമിട്ടത്.

വഴിയാത്രക്കാർക്ക് ദാഹമകറ്റാനും ചൂടിൽ നിന്ന് രക്ഷനേടാനും വഴിയോരങ്ങളിൽ തണ്ണീർപ്പന്തലുകൾ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ യോഗത്തിൽ തീരുമാനിച്ചിരുന്നു. തണ്ണീർപ്പന്തലുകൾക്ക് ദുരന്ത പ്രതികരണനിധിയിൽ നിന്ന് പ്രത്യേക ഫണ്ടുമുണ്ട്. ഗ്രാമപഞ്ചായത്തിന് രണ്ട് ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് മൂന്ന് ലക്ഷവും കോർപ്പറേഷന് അഞ്ച് ലക്ഷവുമാണ് ഫണ്ട് നൽകുന്നത്. മേയ് നാല് വരെ പദ്ധതി തുടരാനാണ് സർക്കാർ തീരുമാനം.

ജില്ലയിൽ സഹകരണ സംഘങ്ങളുടെയും ക്ലബുകളുടേയും നേതൃത്വത്തിൽ തണ്ണീർ പന്തൽ സ്ഥാപിച്ച് തുടങ്ങി. കളക്ടറേറ്റിന് സമീപത്തെ ജില്ലാ എക്സ് സർവീസ്‌ മെൻ സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ സ്റ്റോറിന് മുമ്പിൽ കഴിഞ്ഞ ദിവസം തണ്ണീർപ്പന്തൽ സ്ഥാപിച്ചു.