കൊവിഡ് ജാഗ്രതയിൽ ജില്ലകൾ, ആശുപത്രികളിൽ മാസ്‌ക് നിർബന്ധം

Thursday 23 March 2023 4:22 AM IST

ആക്ടീവ് കേസുകൾ ആയിരം കടന്നു

കുട്ടികൾ,പ്രായമായവർ,ഗർഭിണികൾ മാസ്‌ക് വേണം

പുതിയ വകഭേദം കണ്ടെത്താൻ പരിശോധന കൂട്ടും

തിരുവനന്തപുരം : കൊവിഡ് കേസുകളിൽ വീണ്ടും നേരിയ വർദ്ധന കണ്ടതോടെ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകാൻ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കേസുകൾ കൂടുതൽ. ആശുപത്രികളിൽ എത്തുന്നവർക്ക് മാസ്ക്ക് നിർബന്ധമാക്കി. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവർ പുറത്ത് മാസ്‌ക് ധരിക്കണം.

ചൊവ്വാഴ്ച 172 കേസുകളായിരുന്നു. 1026 കൊവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. സമീപകാലത്തെ കൂടുതലാണിത്.

കൊവിഡ് ജാഗ്രത പാലിക്കാൻ കേന്ദ്രം കത്ത് അയച്ചതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. പുതിയ വകഭേദം കണ്ടെത്താൻ പരിശോധന വ്യാപകമാക്കാനും യോഗം തീരുമാനിച്ചു. പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിന്റെ സൂചനയാണോ കേസുകളുടെ വർദ്ധനവെന്ന് സംശയിക്കുന്നു.

ആശുപത്രികൾക്കായി സർജ് പ്ലാൻ തയ്യാറാക്കണം. കൊവിഡ് രോഗികൾ വർദ്ധിക്കുന്നതിനാൽ ഐ.സി.യു, വെന്റിലേറ്റർ തുടങ്ങിയ സംവിധാനങ്ങൾ കൂടുതൽ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകി. ഏതെങ്കിലും പ്രദേശത്ത് രോഗികൾ വർദ്ധിക്കുന്ന ക്ലസ്റ്ററുകൾ ഇല്ലെന്നത് ആശ്വാസമാണ്.

'മെഡിക്കൽ കോളേജുകളിൽ കൊവിഡ് രോഗികൾ കൂടിയിട്ടില്ല. പരിശോധനാ കിറ്റുകളും മരുന്നുകളും ഒരുക്കാൻ കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകി.'

-മന്ത്രി വീണാ ജോർജ്