വീടുവിട്ട കുട്ടിയെ അമ്മയ്ക്കരികിൽ എത്തിച്ചതും വനിതാ കണ്ടക്ടർ

Thursday 23 March 2023 4:10 AM IST

തിരുവനന്തപുരം: ടിക്കറ്രിന് കീറിയ നോട്ട് നൽകിയെന്നു പറഞ്ഞ് എട്ടാം ക്ലാസുകാരനെ വനിതാ കണ്ടക്ടർ പെരുവഴിയിൽ ഇറക്കിവിട്ട സംഭവം വാർത്തയായപ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓർമ്മവന്നത് സഹപ്രവർത്തകയായ സ്മിതയെയാണ്. 2015 ജൂൺ അഞ്ചിനായിരുന്നു ആ സംഭവം. തമ്പാനൂ‌ർ ബസ് സ്റ്റാൻഡിൽ നിന്ന് എറണാകുളത്തേക്കുള്ള ബസിൽ 'ലുലു മാളിൽ പോകുമോ?"എന്നു ചോദിച്ചുകൊണ്ടാണ് അന്നൊരു 13കാരൻ ബസിൽ കയറിയത്. ലാപ്ടോപ്പ് ബാഗും പിടിച്ചുള്ള അവന്റെ ഇരുപ്പിൽ ചിലർക്ക് സംശയം. അത് മോഷ്ടിച്ചതാണോ?​ കണ്ടക്ട‌ർ സ്മിത അവനെ ഡ്രൈവറുടെ പിന്നിലെ സീറ്റിൽ ഇരുത്തി. ബാഗിനകത്ത് പുതിയ ലാപ്ടോപ്പാണ്. അതവൻ ഇടയ്ക്കിടെ എടുത്തു നോക്കുന്നു. അത് എവിടെ നിന്നാണെന്ന് ചോദിച്ചപ്പോൾ 'എന്റേതാണ്" എന്നു മറുപടി.

'ഇവൻ നല്ല കുട്ടിയാണ്" എന്നു പറഞ്ഞ് യാത്രക്കാരുടെ സംശയദൃഷ്ടിയിൽനിന്ന് ആ കുഞ്ഞിന്റെ അഭിമാനം രക്ഷിച്ചെടുക്കുന്നതിൽ മാത്രം ഒതുങ്ങിയില്ല ആ വനിതാ കണ്ടക്ടറുടെ ഇടപെടൽ. കുട്ടിയെ നഷ്ടപ്പെട്ടതിൽ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്ന കുടുംബത്തിന് അവനെ തിരിച്ചു നൽകുന്നിടം വരെ നീണ്ടു അത്. കോഴിക്കോട് നിന്ന് വീട്ടുകാരോടു പിണങ്ങി നാടുവിട്ടുവന്നതായിരുന്നു ആ കുട്ടി. ഈഞ്ചയ്ക്കൽ ഡിപ്പോയിലെ കണ്ടക്ടറായിരുന്നു അന്നു സ്മിത.

ഞാനും ഒരമ്മയാണ്: സ്മിത

''ഞാനും ഒരമ്മയാണ്. കുട്ടി വീടുവീട്ട് വന്നതാണെന്നറിഞ്ഞപ്പോൾ അവന്റെ ഉമ്മയുടെ വിഷമമാണ് ഞാനോർത്തത്""- സ്മിത കേരളകൗമുദിയാട് പറഞ്ഞു. കുട്ടിയുടെ ബാഗിൽ ലാപ്ടോപ് വാങ്ങിയ കൊണ്ടോട്ടിയിലെ കടയിലെ നമ്പരുണ്ടായിരുന്നു. അതിൽ വിളിച്ചു. ലാപ്ടോപ്പ് വാങ്ങി നൽകാത്തതിനാൽ വീട്ടിൽ നിന്നു പണമെടുത്ത് സ്ഥലംവിട്ടതാണെന്നും വീട്ടുകാർ പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണെന്നും അറിഞ്ഞു. അനുനയത്തിൽ കുട്ടിയെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപെടുത്തി. പൊലീസിൽ വിവരം അറിയിച്ചു. കരുനാഗപള്ളി പൊലീസ് എത്തിയപ്പോൾ കുട്ടിയ കൈമാറി. അവൻ വീട്ടിലെത്തിയപ്പോൾ ഉമ്മ വിളിച്ച് നന്ദി പറഞ്ഞു- സ്മിത സന്തോഷത്തോടെ അന്നത്തെ സംഭവം ഓർമ്മിച്ചു. പിന്നെ ബന്ധുക്കളെല്ലാവരും കൂടി സ്മിതയെ കാണാനെത്തി. ഈ അടുത്തകാലത്ത് കോവളത്തേക്കുള്ള ബസിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ കുട്ടിയുടെ ബന്ധുക്കൾ സ്മിതയെ തിരിച്ചറിഞ്ഞു. അവർ കുട്ടിയുടെ ഉമ്മയെ വിളിച്ചു. വീഡിയോകാളിലൂടെ സംസാരിച്ചു. കെ.എസ്.ആർ.ടി.സി കൺട്രോൾ റൂമിലാണ് സ്മിത ഇപ്പോൾ ജോലി ചെയ്യുന്നത്.