സഭാ തർക്കം: പരിഹാര ബില്ലിൽ ആശയക്കുഴപ്പം

Thursday 23 March 2023 12:28 AM IST

തിരുവനന്തപുരം: ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം പരിഹരിക്കുന്നതിന് സർക്കാർ കൊണ്ടുവരാനാലോചിച്ച കരട് ബില്ലിന്റെ കാര്യത്തിൽ നിയമ, ആഭ്യന്തര വകുപ്പുകൾക്ക് ആശയക്കുഴപ്പം.

കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിൽ നിയമ മന്ത്രി പി. രാജീവ് അവതരിപ്പിച്ച കരട് ബില്ലിന്റെ നിയമപരമായ നിലനില്പിനെപ്പറ്റിയാണ് ആശങ്ക. ഓർത്തഡോക്സ് സഭാ പുരോഹിതർ ബില്ലിനെതിരെ സമ്മർദ്ദം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ, നിയമ നിർമ്മാണം തത്കാലം മാറ്റിവച്ചേക്കും.

1934ലെ ഓർത്തഡോക്സ് സഭാ ഭരണഘടനയ്ക്ക് പരമാധികാരം ഉറപ്പിക്കുന്ന തരത്തിലായിരുന്നു 2017 സെപ്തംബറിലെ സുപ്രീംകോടതി വിധി. അതിനെ മറി കടന്നുള്ള നിയമനിർമ്മാണം നിലനിൽക്കില്ലെന്നാണ് നേരത്തേ നിയമ വകുപ്പ് ആഭ്യന്തര വകുപ്പിന് നൽകിയ ഉപദേശം. ഇതോടെ, കരട് ബിൽ രൂപപ്പെടുത്താതെ ആഭ്യന്തര വകുപ്പ് മാറി. എന്നാൽ, സർക്കാർ തലത്തിൽ രാഷ്ട്രീയസമ്മർദ്ദം മുറുകിയപ്പോൾ നിയമ സെക്രട്ടറി മുൻകൈയെടുത്ത് നിയമ വകുപ്പ് കരട് ബില്ലുണ്ടാക്കുകയായിരുന്നു. ഈ വൈരുദ്ധ്യം നിലനിൽക്കെയാണ് നിയമ നിർമ്മാണനീക്കത്തിനെതിരെ ഓർത്തഡോക്സ് സഭാ പുരോഹിതർ രംഗത്തെത്തിയത്. നിലനിൽക്കില്ലെന്ന് നിയമ

വകുപ്പ് തന്നെ ഉപദേശിച്ച കരട് ബില്ലിൽ, ഇനി എന്ത് ചെയ്യണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ

സംശയം. പള്ളികളുടെ ഉടമസ്ഥാവകാശം സുപ്രീംകോടതി വിധി പ്രകാരം ഓർത്തഡോക്സ് സഭയ്ക്കും, ആരാധനാസ്വാതന്ത്ര്യം യാക്കോബായ സഭയ്ക്കും ഉറപ്പാക്കുന്നതാണ് കരട് ബിൽ.