കെട്ടിടത്തിന്റെ തരം മാറ്റം : അറിയിച്ചില്ലെങ്കിൽ പിഴ

Thursday 23 March 2023 12:43 AM IST

വർഷംതോറും കെട്ടിടനികുതി 5% വർദ്ധിപ്പിച്ച് പിരിക്കാൻ മാർഗ്ഗനിർദ്ദേശമായി

 ആദ്യ നോട്ടീസ് ഈ മാസം 31 മുമ്പ് നൽകണമെന്ന് നിർദ്ദേശം

തിരുവനന്തപുരം : കെട്ടിടത്തിന്റെ നികുതി നിശ്ചയിച്ച ശേഷം വരുത്തുന്ന തരം മാറ്റങ്ങൾ 30 ദിവസത്തിനകം അറിയിക്കാത്ത വസ്തു ഉടമകളിൽ നിന്ന് കെട്ടിട നികുതിയുടെ അതേ തുക പിഴയായി ഈടാക്കും.

കെട്ടിടനികുതി വർഷം തോറും 5 ശതമാനം വർദ്ധിപ്പിച്ച് പിരിച്ചെടുക്കാൻ തദ്ദേശവകുപ്പ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിലാണ് ഇൗ നിർദ്ദേശം. നിലവിൽ വർഷങ്ങളായി താമസിക്കുന്ന വീട്ടിൽ അറ്റകുറ്റപ്പണി നടത്തിയവർ 15 ദിവസത്തിനുള്ളിൽ അറിയിച്ചില്ലെങ്കിൽ പരമാവധി 500 രൂപ പിഴ ചുമത്താനും നിർദ്ദേശമുണ്ട്.

മുൻകാലങ്ങളിൽ ഇത്തരത്തിൽ നികുതി നിർണയത്തിന് ശേഷം തരം മാറ്റം വരുത്തിയവരും അറ്റകുറ്റപണി നടത്തിയവർക്കും മേയ് 15വരെ തദ്ദേശസ്ഥാപനത്തെ അറിയിച്ചാൽ പിഴയിൽ നിന്ന് ഒഴിവാകാം. കെട്ടിട ഉടമകൾ അറിയിച്ചാലും ഇല്ലെങ്കിലും ഇക്കാര്യങ്ങൾ ഫീൽഡ് തല പരിശോധന നടത്തി ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ജൂൺ 30ന് മുമ്പ് പരിശോധന പൂർത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്.

പുതിയ കെട്ടിട നികുതി ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ കെട്ടിട നികുതിയിൽ നിന്ന് അഞ്ച് ശതമാനം വർദ്ധിപ്പിച്ചുള്ള ഡിമാന്റ് നോട്ടീസ് നേരിട്ടോ ഓൺലൈനായോ എല്ലാ ഉടമസ്ഥർക്കും ഈ മാസം 31ന് മുമ്പ് നൽകും.

കെട്ടിട നികുതി വർഷം തോറും 5 ശതമാനം വർദ്ധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന ധനകാര്യ ബിൽ (രണ്ടാം നമ്പർ) കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയതിന് പിന്നാലെയാണ് നികുതി പിരിച്ചെടുക്കാൻ മാർഗനിർദ്ദേശമായത്.