പ്രസവാവധി അനുവദിക്കാത്ത ഡെപ്യൂട്ടി രജിസ്ട്രാർക്കെതിരെ നടപടി വരും
തിരുവനന്തപുരം: പ്രസവാവധിക്കായി മുൻകൂട്ടി നൽകിയ അപേക്ഷ അനുവദിക്കാതെ, പ്രസവം കഴിഞ്ഞ് എട്ടുദിവസമായ ഉദ്യോഗസ്ഥയെ വിശദീകരണത്തിനായി ഓഫീസിൽ വിളിച്ചുവരുത്തി മൂന്നു മണിക്കൂർ കാത്തുനിറുത്തിയ കേരള സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാർ ഡി.എസ്. സന്തോഷ് കുമാറിനെതിരെ നടപടി വരും. ഇദ്ദേഹത്തെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ നിന്ന് മാറ്റിയേക്കും. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ അസിസ്റ്റന്റിനാണ് ദുര്യോഗം നേരിട്ടത്.
വി.സിയുടെ നിർദ്ദേശപ്രകാരം സന്തോഷിനെതിരെ അന്വേഷണം തുടങ്ങി. അസിസ്റ്റന്റിന്റെ മൊഴി രേഖപ്പെടുത്താൻ മൂന്ന് വനിതാ ജീവനക്കാരെ രജിസ്ട്രാർ നിയോഗിച്ചു. തനിക്ക് മാനസിക വ്യഥയുണ്ടായെന്നും മറ്റാർക്കും ഈ ദുരനുഭവമുണ്ടാകരുതെന്നും അന്വേഷണ സംഘത്തെ ഉദ്യോഗസ്ഥ അറിയിച്ചു.
ഉദ്യോഗസ്ഥ കഴിഞ്ഞ ആറിന് ആറുമാസത്തെ പ്രസവാവധി സെക്ഷനിൽ നൽകിയിരുന്നു. തന്നെ നേരിട്ട് കണ്ട് അവധി നൽകിയില്ലെന്ന കാരണത്താൽ ഡെപ്യൂട്ടി രജിസ്ട്രാർ അവധി അനുവദിച്ചില്ല. 8ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഉദ്യോഗസ്ഥ 10ന് പ്രസവിച്ചു. പിന്നാലെ, അവധിക്കാര്യത്തിൽ വിശദീകരണം തേടി വാഴ്സിറ്റിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.
ഫോണിൽ ഡെപ്യൂട്ടി രജിസ്ട്രാറെ ബന്ധപ്പെട്ടെങ്കിലും നേരിട്ടെത്താൻ ആവശ്യപ്പെട്ടു. ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ ബന്ധുവീട്ടിലാക്കി 35കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്ന് 18ന് ഭർത്താവുമൊത്ത് ഇവർ വാഴ്സിറ്റിയിലെത്തിയെങ്കിലും ഡെപ്യൂട്ടി രജിസ്ട്രാർ കാണാൻ കൂട്ടാക്കാതെ സീറ്റ് വിട്ടുപോയി. മൂന്നു മണിക്കൂർ കാത്തുനിൽക്കേണ്ടിവന്നു.
കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് നൽകിയ പരാതിലാണ് അന്വേഷണത്തിന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവിട്ടത്. അതേസമയം, പരാതി ഒത്തുതീർപ്പാക്കാനും ശ്രമമുണ്ട്. ഡെപ്യൂട്ടി രജിസ്ട്രാറെ രക്ഷിക്കാനായി തയ്യാറാക്കിയ ചോദ്യാവലിയാണ് പരാതിക്കാരിക്ക് നൽകിയതെന്ന് ആക്ഷേപമുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ, ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് പ്രസിഡന്റ് കെ. പ്രവീൺകുമാർ എന്നിവർ ആവശ്യപ്പെട്ടു.