അരിക്കൊമ്പൻ: ദൗത്യം 26ലേക്ക് മാറ്റി
ഇടുക്കി: ജനവാസ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഓപ്പറേഷൻ 26ലേക്ക് മാറ്റി. ദൗത്യം 25ന് പുലർച്ചെ തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. പ്ലസ്ടു പരീക്ഷയും കുങ്കിയാനകളെ സമയത്ത് എത്തിക്കാനാകാത്തതും കണക്കിലെടുത്താണ് അടുത്ത ദിവസത്തേക്ക് മാറ്റിയത്. മോക്ഡ്രിൽ 25ന് നടത്തും.
ഇന്നലെ രാവിലെ അരിക്കൊമ്പനെ മെരുക്കാനുള്ള രണ്ടാമത്തെ കുങ്കിയാന സൂര്യനെ ചിന്നക്കനാലിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ മുത്തങ്ങയിലെ ആനത്താവളത്തിൽ നിന്ന് വടക്കനാട് കൊമ്പനെന്ന് അറിയപ്പെടുന്ന കുങ്കിയാന വിക്രമിനെ എത്തിച്ചിരുന്നു. മറ്റു രണ്ട് കുങ്കിയാനകളായ സുരേന്ദ്രൻ, കുഞ്ചു എന്നിവയെ നാളെ എത്തിക്കാനാണ് ശ്രമം.
അതേസമയം, അരിക്കൊമ്പന്റെ ഒപ്പമുണ്ടായിരുന്ന ചക്കക്കൊമ്പൻ ഇന്നലെ കുങ്കികളെ തളച്ചതിന് സമീപം ചുറ്റിതിരിഞ്ഞത് ദൗത്യസംഘത്തെ ആശങ്കയിലാഴ്ത്തി. ഇതിനെ തുരത്താൻ പടക്കം അടക്കമുള്ളവ കരുതി കാവൽ ഏർപ്പെടുത്തി.