അവസരവാദികളുടെ നിലപാടല്ല കേരളത്തിന്റേത്: മുഖ്യമന്ത്രി

Thursday 23 March 2023 12:57 AM IST

പെരളശ്ശേരി: അവസരവാദികളായ ചില മതമേലദ്ധ്യക്ഷന്മാരെ സുഖിപ്പിച്ച് കൂടെ കൂട്ടാൻ കഴിഞ്ഞെന്നു കരുതി അത് കേരളത്തിന്റെ പൊതു നിലപാടാണെന്ന് ബി.ജെ.പി കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ വൈകിട്ട് പെരളശ്ശേരിയിൽ എ.കെ.ജി -ഇ.എം.എസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ വോട്ടിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. രാജ്യമാസകലം ന്യൂനപക്ഷ വേട്ട നടത്തുന്നവർ കേരളത്തിൽ ചിലയിടത്ത് ബാന്ധവം നടത്താൻ ശ്രമിച്ചാൽ അത് വിജയിക്കില്ല.

പാർലമെന്ററി നടപടികളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. പ്രതിപക്ഷ ശബ്ദം പാർലമെന്റിൽ ഉയരാൻ പാടില്ല എന്ന ചിന്തയാണ് ഭരണകർത്താക്കൾക്ക്. തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചും പെട്രോൾ-ഡീസൽ വില ഉയർത്തിയും ജനങ്ങളെ ദ്രോഹിക്കുമ്പോഴും ജനോപകാര പദ്ധതികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.വി. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ,​ ജില്ലാസെക്രട്ടറി എം.വി. ജയരാജൻ,​പി.പി. ദിവ്യ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രതിപക്ഷനീക്കം നേട്ടങ്ങൾ

ചർച്ചയാകാതിരിക്കാൻ

സർക്കാർ നേട്ടങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യേണ്ടെന്ന വാശിയാണ് പ്രതിപക്ഷത്തിന്. ബ്രഹ്മപുരം വിഷയത്തിൽ മന്ത്രി മറുപടി പറഞ്ഞതാണ്. സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചു കയറിയും സമാന്തര സഭ ചേർന്നും സ്പീക്കറുടെ കാഴ്ച ബാനർ ഉപയോഗിച്ച് മറച്ചും ഇതുവരെ ഇല്ലാത്ത കീഴ‌്‌വഴക്കമാണ് പ്രതിപക്ഷം സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.