യു.വി ജോസിനെതിരെ സന്തോഷ് ഈപ്പന്റെ മൊഴി, ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു

Thursday 23 March 2023 12:58 AM IST

കൊച്ചി: വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി.ജോസിനും കോഴ നൽകിയെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മൊഴി നൽകി. ഇതേ തുടർന്ന് ഇയാളെയും ജോസിനെയും ഒരുമിച്ചിരുത്തി ഇന്നലെ ചോദ്യം ചെയ്തു.

ചൊവ്വാഴ്ച ഒൻപത് മണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയച്ച ജോസിനെ ഇന്നലെയും വിളിച്ചുവരുത്തുകയായിരുന്നു. ആറു മണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

സന്തോഷ് ഈപ്പന്റെ മൊഴി സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിക്കാത്തതിനാലാണ് വിട്ടയച്ചതെന്നാണ് സൂചന. അതേസമയം, വ്യക്തമായ തെളിവ് ലഭിച്ചാൽ ജോസിനെ കേസിൽ പ്രതിയാക്കുമെന്ന് അറിയുന്നു. വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മിക്കാൻ ദുബായിലെ റെഡ് ക്രെസന്റ് നൽകിയ 20 കോടിയിൽ 4.5 കോടി കോഴയായി നൽകിയെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. അതിൽ ഒരുവിഹിതം ജോസിനും നൽകിയെന്നും പറഞ്ഞു.

വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മാണ കരാറുമായി തനിക്ക് ബന്ധമില്ലെന്നാണ് നേരത്തെ ചോദ്യം ചെയ്തപ്പോൾ ജോസ് പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ നേരിട്ടാണ് ചർച്ചകൾ നടത്തിയതും കരാറുകാരനെ നിശ്ചയിച്ചതെന്നുമായിരുന്നു മൊഴി. ഇതുസംബന്ധിച്ച ചില രേഖകളും ഹാജരാക്കിയിരുന്നു. അതേസമയം, സന്തോഷ് ഈപ്പന്റെ കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഇ.ഡി.

സ്‌പേസ് പാർക്ക് നിയമനത്തിലും അന്വേഷണം

സംസ്ഥാന സർക്കാർ സ്ഥാപനമായ സ്‌പേസ് പാർക്കിൽ സ്വർണക്ക‌ടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് പ്രോജക്ട് ഡയറക്ടറായി നിയമനം ലഭിക്കാനിടയായ സാഹചര്യവും ഇ.ഡി അന്വേഷിക്കുന്നു. സ്‌പേസ് പാർക്ക്, കൺസൾട്ടന്റുമാരായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞു. സ്വപ്‌നയ്ക്ക് നിയമനം നൽകിയതിൽ ലൈഫ് മിഷൻ കരാറുമായി ബന്ധമുണ്ടോ, ഇടപെട്ടവർ ആരൊക്കെ തുടങ്ങിയ വിവരങ്ങൾ ഇ.ഡി ശേഖരിക്കുന്നുണ്ട്.