ബ്രഹ്മപുരം മാലിന്യസംസ്‌കരണം: വിശദ പദ്ധതി ഉടൻ

Thursday 23 March 2023 12:06 AM IST

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലേക്കുള്ള മാലിന്യനീക്കത്തിനും സംസ്‌കരണത്തിനും കത്തിയ മാലിന്യം നീക്കുന്നതിനും കൃത്യമായ കർമ്മപദ്ധതി ഉടൻ തയ്യാറാക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. നിലവിൽ മന്ത്രിതല യോഗത്തിൽ രൂപീകരിച്ച പദ്ധതി പ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നും കളക്ടർ പറഞ്ഞു.

എറണാകുളം കേന്ദ്രീകരിച്ചുള്ള മാലിന്യനീക്കത്തിനും സംസ്‌കരണത്തിനുമാണ് മുൻതൂക്കം നൽകുന്നത്. ഫ്‌ളാറ്റുകൾ, വൻകിട സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വീടുകൾ എന്നിങ്ങനെ നാല് തട്ടുകളായി തിരിച്ചായിരിക്കും മാലിന്യ ശേഖരണ പദ്ധതി തയ്യാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

നഗരത്തിലുൾപ്പെടെ കുമിഞ്ഞു കൂടുന്ന മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച് കോർപ്പറേഷൻ സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. ക്ലീൻ കേരളയുമായി സഹകരിച്ച് ഇത് വിജയകരമായി നടപ്പാക്കും.

കരാർ വിവാദം പരിശോധിക്കും മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട ബയോമൈനിംഗ് കരാർ രേഖകളും മറ്റ് പ്രവർത്തനങ്ങളും സർക്കാർ വിശദമായി പരിശോധിക്കും. കോർപ്പറേഷനും കരാർ കമ്പനിയുമായുള്ള രേഖകൾ വ്യക്തമായി പരിശോധിച്ച് വിശകലനം ചെയ്യും. ഈമാസം രണ്ടിനുണ്ടായ ബ്രഹ്മപുരം തീപിടിത്തം 13 നാണ് പൂർണമായും അണയ്ക്കാൻ സാധിച്ചത്. വിഷപ്പുക ശ്വസിച്ച് പലർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ലെങ്കിലും തുടർനിരീക്ഷണം അനിവാര്യം. ജില്ലാ ഫയർ ഓഫീസറുടെ മേൽനോട്ടത്തിൽ 20പേരുൾപ്പെട്ട അഗ്‌നിശമന സേനാ വിഭാഗം സ്ഥലത്ത് തുടരുന്നുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ദ്ധ സമിതി

വിഷപ്പുക ശ്വസിച്ചുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കും. ഇത് സംബന്ധിച്ച് സർക്കാൻ നടപടികൾ സ്വീകരിക്കും. ബ്രഹ്മപുരം വിഷയത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം ഇന്ന് ചേരും. നിലവിലെ അവസ്ഥയും തുടർനടപടികളും വിശദമായി റിപ്പോർട്ടുകളും ചർച്ച ചെയ്യും.

ഓപ്പറേഷൻ ബ്രേക്ക് ത്രൂ അതിവേഗം മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി ജൂണിന് മുമ്പ് പൂർത്തീകരിക്കും. കമ്മട്ടിപ്പാടം, തേവര പേരണ്ടൂർ കനാൽ, സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ വേമ്പനാട്ട് കായൽ വരെയും ഹൈക്കോടതി ജംഗ്ഷനിലും തോടുകളുടെ നവീകരണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരിക്കാൻ ശ്രമിക്കുമെന്നും കളക്ടർ പറഞ്ഞു.