വീണ്ടും മാലിന്യക്കൂമ്പാരം: ചീഞ്ഞുനാറി ബ്രഹ്മപുരം

Thursday 23 March 2023 1:06 AM IST

തൃക്കാക്കര: ആളും ആരവവും ഒഴിഞ്ഞ ബ്രഹ്മപുരം പ്ളാന്റ് പുതിയ മാലിന്യങ്ങളാൽ വീണ്ടും ചീഞ്ഞു നാറിയ സ്ഥിതിയിലായി. ദിവസവും 50 - 60 ലോഡ് പ്ളാസ്റ്റിക്ക് അവശിഷ്ടങ്ങളുള്ള ജൈവ മാലിന്യങ്ങൾ ഒരാഴ്ചയായി പ്ളാന്റിന്റെ ഒരു മൂലയിൽ തള്ളുകയാണ്. ശരാശരി 150 ടൺ ദിവസവും എത്തുന്നു. മാലിന്യം ചീഞ്ഞഴുകുകയല്ലാതെ, സംസ്കരണം നടക്കുന്നില്ല.

നിലവിലെ കരാർ കഴിഞ്ഞതിനാൽ കോർപ്പറേഷൻ നേരിട്ടാണ് പ്ളാന്റ് നടത്തുന്നത്. ഇതിനായി കൂടുതൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. അഞ്ച് മുനിസിപ്പാലിറ്റികളിൽ നിന്നും മൂന്ന് പഞ്ചായത്തുകളിൽ നിന്നും

മാലിന്യമെത്തുന്നു. മാർച്ച് 31ന് ഇവരുമായുള്ള കരാറും അവസാനിക്കും. പിന്നീട് കോർപ്പറേഷനിൽ നിന്നുള്ള മാലിന്യം മാത്രമേ സ്വീകരിക്കൂ. ഭക്ഷണാവശിഷ്ടങ്ങൾ തിന്നാൻ ആയിരക്കണക്കിന് പക്ഷികളും ,നൂറുകണക്കിന് നായ്ക്കളും..

പത്ത് ദിവസം മുമ്പ് ഫയർ എൻജിനുകളും ഹിറ്റാച്ചികളും രാപ്പകൽ ഓടിയിരുന്ന, അഗ്നിബാധയുണ്ടായ 50 ഏക്കറോളം പ്ളാസ്റ്റിക് മലയിൽ ഇപ്പോൾ ആരുമില്ല. കൊച്ചി കോർപ്പറേഷന്റെ ജീവനക്കാർ മാത്രമാണ് ഓഫീസിൽ. പുതിയ കാമറകൾ സ്ഥാപിക്കുകയും മോട്ടോറുകളും ഹൈഡ്രന്റുകളും പ്രവർത്തന സജ്ജമാക്കുകയും ചെയ്യുന്ന ജോലി ആരംഭിച്ചിട്ടുമില്ല.

നിരീക്ഷണം കർശനമാക്കി

ഫയർഫോഴ്സ്

തീപിടിത്തം അന്വേഷിക്കുന്ന തൃക്കാക്കര അസി. കമ്മിഷണർ പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കോർപ്പറേഷൻ ജീവനക്കാരെയും കരാറുകാരെയും സെക്യൂരിറ്റിക്കാരെയും വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തു. പ്ളാന്റിന്റെ ചുമതലയുള്ള ഓവർസിയർ സുരേഷിൽ നിന്നും മൊഴിയെടുത്തു.

ബ്രഹ്മപുരത്ത് ഫയർഫോഴ്സ്. നിരീക്ഷണം കർശനമാക്കി . പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ചാണ് നിരീക്ഷണം. നാല് യൂണിറ്റ് വാഹനങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്. ഒരു ഫയർ ഓഫീസറും 17 ജീവനക്കാരും രണ്ട് ഷിഫ്റ്റുകളിലായി രാപ്പകൽ ഡ്യൂട്ടിയിലുണ്ട്.

ബ്രഹ്മപുരത്തെ മാലിന്യക്കുന്നുകളിൽ ഇന്നലെ സ്വകാര്യ ഏജൻസി നടത്തിയ പരിശോധനയിൽ മാലിന്യത്തിനുള്ളിലെ ഊഷ്മാവ് ഇപ്പോഴും ഉയർന്ന നിലയിലാണെന്ന് കണ്ടെത്തി. പൊലീസിന്റെ നേതൃത്വത്തിൽ പാലാരിവട്ടത്തെ ഏജൻസിയാണ് ഇക്കോടെക് സ്റ്റാക്ക് സാമ്പിൾ മെഷീൻ ഉപയോഗിച്ച് പരിശോധന നടത്തിയത്. ഒരു മീറ്റർ താഴ്ചയിൽ 48 ഡിഗ്രിവരെ ഊഷ്മാവുണ്ടെന്നാണ് കണ്ടെത്തൽ. ഇതിലും താഴ്ചയിലാണ് പ്ളാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചിട്ടിട്ടുള്ളത്.

.

Advertisement
Advertisement