ബ്രഹ്മപുരം ദൗത്യത്തിൽ ഫയർഫോഴ്സിന് കരുത്തായ സിവിൽ ഡിഫൻസിനെ മറക്കരുതേ
കൊച്ചി: പത്തും ഇരുപതും പേരല്ല, ബ്രഹ്മപുരം സേഫ് ബ്രത്ത് ഓപ്പറേഷനിൽ ഫയർഫോഴ്‌സിന് കരുത്തായി നിലയുറപ്പിച്ചത് 406 സിവിൽ ഡിഫൻസ് സേനാംഗങ്ങൾ. കാസർകോട് ജില്ലയിൽ നിന്നുൾപ്പെടെ സന്നദ്ധ പ്രവർത്തകർ രക്ഷാദൗത്യത്തിന്റെ ഭാഗമായി. ഫയർഫോഴ്‌സിനൊപ്പം 13 ദിവസം ഇവർ കട്ടയ്ക്ക് നിന്നില്ലായിരുന്നെങ്കിൽ കൊച്ചിയുടെ ആകാശത്ത് നിന്ന് ഇത്രവേഗം വിഷപ്പുക ഒഴിയില്ലായിരുന്നു.
തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ചത് മുതൽ സിവിൽ ഡിഫൻസ് സേനാ അംഗങ്ങൾ സ്വമേധയാ ബ്രഹ്മപുരത്ത് എത്തുകയായിരുന്നു. ജില്ലാ ഫയർ ഓഫീസറുമായി കൂടിയാലോചിച്ചായിരുന്നു പ്രവർത്തനം. ഇതിനിടെ പ്രദേശത്തേയ്ക്ക് കൂടുതൽ അംഗങ്ങളെ എത്തിച്ചു. കൂലിപ്പണിക്കാർ മുതൽ ബിസിനസുകാർ വരെയുള്ള സിവിൽ ഡിഫൻസ് സേനാംഗങ്ങൾ ദൗത്യത്തിൽ അണിചേർന്നു. ചിലരാകട്ടെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അവധിയെടുത്ത് സന്നദ്ധ സേവനത്തിനെത്തുകയായിരുന്നു. മിഷന്റെ വിജയത്തിന് പിന്നിൽ ജില്ലാഭരണകൂടമടക്കം അഭിനന്ദങ്ങൾ ഏറ്റുവാങ്ങുമ്പോൾ തങ്ങളെ ആരും കാര്യമായി പരിഗണിച്ചില്ലെന്ന സങ്കടത്തിലാണ് സിവിൽ ഡിഫൻസ് അംഗങ്ങൾ.
ചുമ ബാധിച്ചു ദൗത്യത്തിൽ പങ്കെടുത്ത സിവിൽ ഡിഫൻസ് അംഗങ്ങളിലെ പലർക്കും ചുമ ബാധിച്ചു. തീ നിയന്ത്രണ വിധേയമായതിനുശേഷം കാര്യമായ ബുദ്ധിമുട്ടുകൾ ആർക്കുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലാണ് ചുമയും ചൊറിച്ചിലും അനുഭവപ്പെട്ട് തുടങ്ങിയത്. രോഗം സാരമുള്ളതല്ലെന്നും മുൻകരുതലോടെയാണ് ബ്രഹ്മപുരത്തേക്ക് പോയതെന്നും സിവിൽ ഡിഫൻസ് അംഗങ്ങൾ പറഞ്ഞു.
ജില്ലയിൽ 6000 എറണാകുളം ജില്ലയിൽ 6,000 സിവിൽ ഡിഫൻസ് സേനാ അംഗങ്ങളാണുള്ളത്. സംസ്ഥാനത്ത് 30,000 പേരും. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ 3.5 ലക്ഷം സിവിൽ ഡിഫൻസ് അംഗങ്ങൾ വേണമെന്നാണ് കണക്ക്. അംഗബലം കൂട്ടുന്നതിനുള്ള ഊർജിത ശ്രമത്തിലാണ് സിവിൽ ഡിഫൻസ് സേന.