സി.പി.എം പ്രവർത്തകർ കൂറുമാറിയിട്ടില്ല: എം.വി.ഗോവിന്ദൻ

Thursday 23 March 2023 3:08 AM IST

കണ്ണൂർ: സി.പി.ഐ നേതാവ് ഇ.ചന്ദ്രശേഖരനെ കാഞ്ഞങ്ങാട്ട് ബി.ജെ.പി പ്രവർത്തകർ ആക്രമിച്ച കേസിൽ സി.പി.എം പ്രവർത്തകർ കൂറുമാറിയെന്ന വാദം ശരിയല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ചന്ദ്രശേഖരനും സി.പി.ഐ കാസർകോട് ജില്ലാ സെക്രട്ടറിയും നൽകിയതിന് സമാനമായ മൊഴി മാത്രമാണ് സാക്ഷികളായ സി.പി.എം പ്രവർത്തകരും നൽകിയത്. ആക്രമിച്ചവരെ തിരിച്ചറിയില്ലെന്നാണ് ചന്ദ്രശേഖരനും ജില്ലാ സെക്രട്ടറിയും ഉൾപ്പെടെയുള്ള സാക്ഷികൾ കോടതിയിൽ മൊഴി നൽകിയത്. സി.പി.എം പ്രവർത്തകർ മാത്രം കൂറുമാറിയെന്ന തരത്തിലുള്ള വ്യാഖ്യാനം അടിസ്ഥാന രഹിതമാണെന്നും കണ്ണൂരിൽ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.