ചെന്നൈയിൽ കംഗാരു കിരീടച്ചിരി
മൂന്നാം ഏകദിനത്തിൽ ഓസീസിന് 21 റൺസ് ജയം
പരമ്പര 2-1ന് ഓസ്ട്രേലിയ സ്വന്തമാക്കി
ഓസ്ട്രേലിയ 269, ഇന്ത്യ 248
ആദം സാംപ മാൻ ഒഫ് ദ മാച്ച്
മിച്ചൽ മാർഷ് മാൻ ഒഫ് ദ സിരീസ്
ചെന്നൈ : മൂന്നാം ഏകദിനത്തിൽ 21 റൺസിന് ജയിച്ച് ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ പരമ്പര 2-1ന് സ്വന്തമാക്കി . ഇന്നലെ ചെന്നൈയിൽ 270 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ 49.1ഓവറിൽ 248 റൺസിൽ ഒതുക്കിയാണ് ഓസീസ് പരമ്പര നേട്ടം ആഘോഷിച്ചത്.പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്.
മികച്ച സ്കോർ ഉയർത്താനായില്ലെങ്കിലും ഇന്ത്യൻ ബാറ്റർമാരെ വരച്ച വരയിൽ നിറുത്താൻ ഒാസീസ് ബൗളർമാർക്ക് കഴിഞ്ഞതാണ് കളിയുടെ വിധിയെഴുതിയത്.നാലുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ആദം സാംപയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ആഷ്ടൺ ആഗറും ചേർന്നാണ് ഇന്ത്യയെ തളച്ചത്. അർദ്ധസെഞ്ച്വറി നേടിയ വിരാട് കൊഹ്‌ലിയും(54),ഹാർദിക് പാണ്ഡ്യയും (40),ശുഭ്മാൻ ഗില്ലും (37),കെ.എൽ രാഹുലും (32), രോഹിത് ശർമ്മ(30)യുമാെക്കെ ചേസിംഗിനിടെ ഇടറിവീണപ്പോൾ ഇന്ത്യയ്ക്ക് വിജയവും അന്യമായി. ആദം സാംപ മാൻ ഒഫ് ദ മാച്ചായപ്പോൾ മിച്ചൽ മാർഷ് മാൻ ഒഫ് ദ സിരീസായി.
ചെന്നൈയിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49 ഓവറിൽ 269 റൺസിന് ആൾഒൗട്ടാവുകയായിരുന്നു.ട്രാവിസ് ഹെഡും (33),മിച്ചൽ മാർഷും (47) ചേർന്ന് സന്ദർശകർക്ക് മികച്ച തുടക്കം നൽകിയെങ്കിലും തുടർന്നെത്തിയവരെ കൂടുതൽ നേരം വിളയാടാൻ അനുവദിക്കാതിരുന്ന ഇന്ത്യൻ ബൗളർമാരാണ് സ്കോർ 269ലൊതുക്കിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ അക‌്ഷർ പട്ടേലും മുഹമ്മദ് സിറാജും ബൗളിംഗിൽ തിളങ്ങി.
ഓസീസിന്റെ ആദ്യ മൂന്ന് വിക്കറ്റുകളും ഹാർദിക്കാണ് വീഴ്ത്തിയത്. 10.5-ാം ഓവറിൽ ടീം സ്കോർ 68ൽ നിൽക്കവേ ട്രാവിസ് ഹെഡിനെ കുൽദീപിന്റെ കയ്യിലെത്തിച്ചാണ് ഹാർദിക് തുടങ്ങിയത്. തുടർന്നിറങ്ങിയ സ്മിത്തിനെ(0) അക്കൗണ്ട് തുടങ്ങാനാവും മുന്നേ 13-ാം ഓവറിൽ കീപ്പർ രാഹുലിന്റെ കയ്യിലെത്തിച്ചു. 15-ാം ഓവറിൽ മിച്ചൽ മാർഷ് ബൗൾഡാവുകകൂടി ചെയ്തതോടെ ഓസീസ് 85/3 എന്ന നിലയിലായി.
തുടർന്ന് ഡേവിഡ് വാർണറും (23) മാർനസ് ലാബുഷേയ്നും (28) പിടിച്ചുനിൽക്കാൻ നോക്കിയെങ്കിലും വിലങ്ങുതടിയായി കുൽദീപ് എത്തി. 25-ാം ഓവറിൽ വാർണറെ ഹാർദിക്കിന്റെ കയ്യിലെത്തിച്ച കുൽദീപ് 29-ാം ഓവറിൽ ലാബുഷേയ്നെ ഗില്ലിന്റെ കയ്യിലുമെത്തിച്ച് ഓസീസിനെ 138/5 എന്ന നിലയിലാക്കി. ആറാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്ത അലക്സ് കാരേയും (38),മാർക്കസ് സ്റ്റോയ്നിസും(25) ഓസീസിന് ഉൗർജം പകർന്നു.37-ാം ഓവറിൽ സ്റ്റോയ്നിസിനെ ഗില്ലിന്റെ കയ്യിലെത്തിച്ച് അക്ഷർ പട്ടേൽ ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 39-ാം ഓവറിൽ കുൽദീപ് കാരേയെ ബൗൾഡാക്കിയതോടെ ഓസീസ് 203/7 എന്ന സ്കോറിലെത്തി. അവസാന ഓവറുകളിൽ സീൻ അബ്ബോട്ട് (26),ആഗർ(17),സ്റ്റാർക്ക് (10),സാംപ (10) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പാണ് 269വരെയെത്തിച്ചത്.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് രോഹിതും(30) ശുഭ്മാൻ ഗില്ലും (37)ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പത്താം ഓവറിൽ അബ്ബോട്ടിന്റെ പന്തിൽ സ്റ്റാർക്കിന് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. 13-ാം ഓവറിൽ ഡി.ആർ.എസിലൂടെ ആദം സാംപ ഗില്ലിനെ എൽ.ബിയിൽ കുരുക്കി. തുടർന്ന് ക്രീസിലൊരുമിച്ച വിരാടും കെ.എൽ രാഹുലും (32)ചേർന്ന് 27.5 ഓവറിൽ 146ലെത്തിച്ചു. അവിടെവച്ച് രാഹുലിനെ സാംപ പുറത്താക്കിയപ്പോൾ അടുത്ത ഓവറിൽ സ്മിത്തിന്റെ സൂപ്പർ ഫീൽഡിംഗിൽ അക്ഷർ പട്ടേൽ (2)റൺഒൗട്ടായി.തുടർന്ന് ഹാർദിക്കും വിരാടും ചേർന്ന് മുന്നോട്ടു നയിച്ചെങ്കിലും അർദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ വിരാടിനെ ആഗർ മടക്കി അയച്ചു. തൊട്ടടുത്ത പന്തിൽ സൂര്യകുമാർ ബൗൾഡായത് ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടിയായി. ഇത് തുടർച്ചയായ മൂന്നാം ഏകദിനത്തിലാണ് സൂര്യ നേരിട്ട ആദ്യ പന്തിൽ പുറത്താവുന്നത്. ഇതോടെ ഇന്ത്യ 185/6 എന്ന നിലയിലായി.തുടർന്ന് ഹാർദിക് പാണ്ഡ്യ (40),രവീന്ദ്ര ജഡേജ (18) എന്നിവർ പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു. തുടർന്ന് 48-ാം ഓവറിൽ ഷമി ഒരോ ഫോറും സിക്സുമടിച്ചെങ്കിലും അടുത്ത പന്തിൽ പുറത്തായി.
മൂന്നാം വട്ടവും ഗോൾഡൻ ഡക്ക്
പരമ്പരയിലെ മൂന്നാം മത്സരത്തിലും സൂര്യകുമാർ യാദവ് നേരിട്ട ആദ്യ പന്തിൽ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ട്വന്റി ട്വന്റി ഫോർമാറ്റിൽ തകർപ്പൻ ഫോമിലായിരുന്ന സൂര്യകുമാർ ഏകദിനത്തിൽ തുടർച്ചയായി നിരാശപ്പെടുത്തുകയാണ്.