ഓസിൽ ബൂട്ടഴിച്ചു
ഇസ്താംബുൾ : രാഷ്ട്രീയ നിലപാടുകളുടെ തുറന്നുപറച്ചിൽകൊണ്ട് വിവാദങ്ങൾ സൃഷ്ടിച്ച മുൻ ജർമ്മൻ ഫുട്ബാളർ മെസ്യൂട്ട് ഓസിൽ 34-ാം വയസിൽ പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിച്ചു.
റയൽ മാഡ്രിഡ്,ആഴ്സനൽ ക്ളബുകളുടെ സൂപ്പർ താരമായിരുന്ന ഓസിൽ തുർക്കി ക്ളബ് ഇസ്താംബുൾ ബസക്സെഹിറിന് കളിച്ചുകൊണ്ടിരിക്കവേയാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. കുറച്ചുനാളായി വിടാതെ പിന്തുടരുന്ന പരിക്കാണ് ഓസിലിനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. ഈ സീസണിൽ ബസക്സെഹിറിലേക്ക് എത്തിയ ഓസിലിന് എട്ടുമത്സരങ്ങളിൽ മാത്രമാണ് കളത്തിലിറങ്ങാൻ കഴിഞ്ഞത്.
2014ൽ ലോകകപ്പ് നേടിയ ജർമ്മൻ ടീമിൽ സുപ്രധാന റോളിലുണ്ടായിരുന്ന അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഓസിൽ 2018ൽ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചിരുന്നു. തുർക്കി പ്രസിഡന്റായ തെയ്യിപ് എർദോഗനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെത്തുടർന്ന് ജർമ്മൻ ഫുട്ബാൾ ടീമിൽ നിന്നും ജർമ്മൻ മാദ്ധ്യമങ്ങളിൽ നിന്നും വിവേചനം നേരിട്ടു എന്ന് ആരോപണമുയർത്തിയാണ് ഓസിൽ ജർമ്മൻ ദേശീയ കുപ്പായം അഴിച്ചുവച്ചത്.
2005ൽ ഷാൽക്കെ 04 എഫ്.സിയിലൂടെയാണ് ഒാസിൽ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്.
2008ൽ മറ്റൊരു ജർമ്മൻ ക്ളബ് വെർഡർ ബ്രെമനിലെത്തി.
2010ൽ സ്പാനിഷ് സൂപ്പർ ക്ളബ് റയൽ മാഡ്രിഡിലെത്തിയതാണ് കരിയറിൽ വഴിത്തിരിവായത്.
3 സീസണുകളിൽ റയലിൽ കളിച്ച ഓസിൽ 105 മത്സരങ്ങളിൽ 19 ഗോളുകൾ നേടി.
2013 മുതൽ ഇംഗ്ളീഷ് ക്ളബ് ആഴ്സനലിന്റെ കുന്തമുനയായി. എട്ടു സീസണുകളിൽ ക്ളബിന്റെ കുപ്പായമണിഞ്ഞു. 184 മത്സരങ്ങളിൽ 33 ഗോളുകൾ നേടി.
2021ലാണ് ആഴ്സനൽ കോച്ച് മൈക്കേൽ ആർട്ടേറ്റയോട് പിണങ്ങി തുർക്കി ക്ളബ് ഫെനർബാഷെയിലേക്ക് കുടിയേറിയത്.
32 മത്സരങ്ങൾ ഫെനർബാഷെയ്ക്ക് വേണ്ടി കളിച്ച ശേഷം കഴിഞ്ഞ വർഷം ബസക്സെഹിറിലേക്ക് മാറി.
2009 മുതൽ 2018വരെ ജർമ്മൻ ടീമിനായി 92 മത്സരങ്ങൾ കളിച്ച ഓസിൽ 23 ഗോളുകൾ നേടി.
427 മത്സരങ്ങളാണ് പ്രൊഫഷണൽ കരിയറിൽ ആകെ ഓസിൽ കളിച്ചിട്ടുള്ളത്.73 ഗോളുകൾ നേടി.
കരിയർ നേട്ടങ്ങൾ
2014ൽ ജർമ്മൻ ടീമിനൊപ്പം ലോകകപ്പ് നേടി. റയൽ മാഡ്രിഡിനൊപ്പം ലാ ലിഗ, കിംഗ്സ് കപ്പ്,സൂപ്പർ കോപ്പ ഡി എസ്പാന,ആഴ്സനലിനൊപ്പം എഫ്.എ കപ്പ്,കമ്മ്യൂണിറ്റി ഷീൽഡ് കിരീടങ്ങൾ സ്വന്തമാക്കി.
ആഴ്സനലിനായി കളിക്കുമ്പോൾ ഒരു പ്രിമിയർ ലീഗ് മത്സരത്തിലും പ്രിമിയർ ലീഗിലെ ഒരു സീസണിലും ഏറ്റവും കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിച്ചതിനുള്ള റെക്കാഡിന് ഉടമയായിട്ടുണ്ട്.