കൂടുതൽ എയർപോ‌ർട്ടുകൾ സ്വന്തമാക്കാൻ അദാനി

Thursday 23 March 2023 2:36 AM IST

മുംബയ്: രാജ്യത്തെ കൂടുത‍ൽ എയർപോർട്ടുകൾ സ്വന്തമാക്കാനുള്ള ലക്ഷ്യവുമായി ശതകോടീശ്വരനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എയർപോർട്ട്സ്. ഈ വർഷം രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങൾക്കായി ലേലം വിളിയിൽ പങ്കെടുക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് അരുൺ ബൻസാൽ പറഞ്ഞു. നിലവിൽ എയർപോർട്ട് സ്വകാര്യവത്കരണത്തിന്റെ ഭാഗമായി ആറ് വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ബിഡ്ഡുകളാണ് അദാനി എയർപോർട്ട്സ് നേടിയത്. താമസിയാതെ ഇന്ത്യ പന്ത്രണ്ടോളം വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ലേലത്തിൽ പങ്കെടുക്കുമെന്നും അരുൺ ബൻസാൽ പറഞ്ഞു.

അദാനി എയർപോർട്സ് ഏറ്റെടുത്ത നവി മുംബൈ വിമാനത്താവളം 2036-ഓടെ 90 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യും. ന്യൂഡൽഹിയിലും 70 ദശലക്ഷം യാത്രക്കാർക്കുള്ള സൗകര്യമൊരുക്കും. കർണാടക, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കും. ഏഴ് അദാനി വിമാനത്താവളങ്ങളിലും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 92 ശതമാനവും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 133 ശതമാനവും വർദ്ധനയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഒരു ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അദാനി എയർപോർട്ട്സ് എന്ന് അരുൺ ബൻസാൽ വ്യക്തമാക്കി.

ഇന്ത്യയിൽ കൂടുതൽ വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാനും ഒടുവിൽ ലോകത്തിലെ ഒരു മുൻനിര എയർപോർട്ട് ഓപ്പറേറ്ററായി മാറാനും ആഗ്രഹിക്കുന്നുവെന്ന് ബൻസാൽ പറഞ്ഞു.

Advertisement
Advertisement