ബാങ്കുകൾ എഫ്.ഡി. പലിശ വർദ്ധിപ്പിച്ചേക്കും

Thursday 23 March 2023 2:37 AM IST

മുംബയ്: രാജ്യത്തെ ബാങ്കുകൾ ഫിക്സഡ് ഡെപ്പോസിറ്റ് പലിശനിരക്കുകൾ വർദ്ധിപ്പിച്ചേക്കും. നിക്ഷേപ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ആർ.ബി.ഐ പ്രതിമാസ ബുള്ളറ്റിനിൽ സൂചിപ്പിക്കുന്നു. ആർ.ബി.ഐയുടെ തുടർച്ചയായ പലിശ നിരക്ക് വർധനയ്ക്കും കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും ബാങ്കുകൾ കരകയറി വായ്പാ വളർച്ച നേടിയിരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഫ്.ഡി നിരക്കുകൾ വർധിപ്പിക്കുന്നത്.

പണപ്പെരുപ്പം പിടിച്ചുനിർത്താൻ കഴിഞ്ഞ വർഷം മേയ് മുതൽ റിസർവ് ബാങ്ക് ഹ്രസ്വകാല വായ്പാ നിരക്ക് 225 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചിരുന്നു.

ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ വരുമാനം മെച്ചപ്പെടുകയും സേവിംഗ്‌സ് ഡെപ്പോസിറ്റ് നിരക്കിലെ വ്യത്യാസങ്ങൾ അടുത്ത കാലത്തായി വർദ്ധിക്കുകയും ചെയ്തു. ഇതോടെ ബാങ്ക് നിക്ഷേപങ്ങളുടെ സിംഹഭാഗവും ടേം ഡെപ്പോസിറ്റുകളായി ഉയർന്നു. വാർഷികാടിസ്ഥാനത്തിൽ ടേം ഡെപ്പോസിറ്റുകൾ 13.2 ശതമാനം വളർച്ച രേഖപ്പെടുത്തി, അതേസമയം കറന്റ്, സേവിംഗ്‌സ് ഡെപ്പോസിറ്റുകൾ യഥാക്രമം 4.6 ശതമാനം, 7.3 ശതമാനം വർദ്ധനവ് മാത്രമാണ് ഉണ്ടായത്.