ഞെളിയംപറമ്പിൽ ബയോമൈനിംഗ് പുനരാരംഭിച്ചത് ചട്ടവിരുദ്ധവും ധിക്കാരവും:യു.ഡി.എഫ്

Thursday 23 March 2023 12:40 AM IST
udf

കോഴിക്കോട്: കരാർ കാലാവധി കഴിഞ്ഞ് സോണ്ട ഇൻഫ്രാ ടെക് കമ്പനിക്ക് അനുമതി നൽകിയ നടപടി മുൻസിപ്പൽ ചട്ടത്തിന് വിരുദ്ധവും ധാർഷ്ട്യവുമാണെന്ന് യു.ഡി.എഫ്. ബയോ മൈനിംഗ് / ക്യാപ്പിംഗ് നടത്തുന്നതിനുള്ള കരാർ കാലാവധി കഴിഞ്ഞവർഷം നവംബറിലാണ് അവസാനിച്ചത്. അതിനുശേഷം കമ്പനി മെഷിനറി ഞെളിയൻപറമ്പിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. 50 ശതമാനത്തോളം ജോലി പൂർത്തീകരിച്ച കമ്പനി 70 ശതമാനം ജോലി പൂർത്തീകരിച്ചു എന്ന് അവകാശപ്പെടുകയും കോർപ്പറേഷൻ പണം ഈടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനെ ഒരു നിലയ്ക്കും അംഗീകരിക്കാൻ കഴിയില്ലെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു . പ്രവൃത്തി പുനരാരംഭിക്കാൻ ആരാണ് സോണ്ടാ കമ്പനിക്ക് വീണ്ടും അനുമതി നൽകിയത്. നാല് തവണ നേരത്തെ അവസരം നൽകിയതാണ്. ആർക്കുവേണ്ടിയാണ് ഈ കമ്പനിക്ക് ഒത്താശ ചെയ്യുന്നതെന്ന് മേയറും ഡെപ്യൂട്ടി മേയറും വ്യക്തമാക്കണം. കമ്പനിക്ക് പോലുമില്ലാത്ത താത്പ്പര്യം ഭരണനേതൃത്വത്തിന് ഉണ്ടാകുക എന്നുള്ളത് രാഷ്ട്രീയമായ സ്വാധീനത്തിന്റെ ഫലമാണെന്ന് കണ്ടെത്താൻ പ്രയാസമില്ല. കരാർ പുതുക്കാതെ നടത്തുന്ന പ്രവൃത്തി അവസാനിപ്പിക്കണം. ഇനി ഫണ്ട് നൽകുന്നത് കൗൺസിലിന്റെ അനുമതിയോടെയായിരിക്കുകയും വേണം യു.ഡി.എഫ് കൗൺസിൽ പാർട്ടി നേതാവ് കെ.സി. ശോഭിതയും ഉപനേതാവ് കെ.മൊയ്തീൻകോയയും ആവശ്യപ്പെട്ടു.