ശതകോടീശ്വരന്മാരുടെ പട്ടികയിൽ അദാനിയെ പിന്തള്ളി അംബാനി,​ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ

Thursday 23 March 2023 2:40 AM IST

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് (ആർ‌.ഐ‌.എൽ) ചെയർമാനും ഏഷ്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനി ലോക സമ്പന്ന പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. സമ്പത്തിൽ 20 ശതമാനം ഇടിവ് ഉണ്ടായിട്ടും 82 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. തുടർച്ചയായ മൂന്നാം വർഷവും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനവും മുകേഷ് അംബാനി നിലനിർത്തി.

ഇന്ത്യൻ ശതകോടീശ്വരന്മാരിൽ 53 ബില്യൺ ഡോളറിന്റെ ആസ്തിയുമായി മുകേഷ് അംബാനി ഒന്നാം സ്ഥാനത്തും ഗൗതം അദാനി രണ്ടാം സ്ഥാനത്തും എത്തി. 28 ബില്യൺ ഡോളറിന്റെ ആസ്തിയുമായി സൈറസ് പൂനവല്ല മൂന്നാം സ്ഥാനത്താണ്. 27 ബില്യൺ ഡോളറുമായി ശിവ് നാടാറും കുടുംബവും നാലാമതും 20 ബില്യൺ ഡോളറുമായി ലക്ഷ്മി മിത്തൽ അഞ്ചാമതുമാണ്.

2023 ജനുവരിയിൽ യു എസ് ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെത്തുടർന്ന് 2022-2023 കാലയളവിൽ ഗൗതം അദാനിക്ക് 28 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. അതായത് ആഴ്‌ചയിൽ ഏകദേശം 3,000 കോടി രൂപയുടെ സമ്പത്ത് നഷ്ടമായതാണ് റിപ്പോർട്ട്.