നേട്ടം തുടർന്ന് ഓഹരി വിപണി

Thursday 23 March 2023 2:41 AM IST

മുംബയ്: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ നേട്ടത്തിലെത്തി. സെൻസെക്‌സ് 139.91 പോയിന്റ് ഉയർന്ന് 58214.59 ലെവലിലും നിഫ്റ്റി 44.40 പോയിന്റ് ഉയർന്ന് 17151.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, സൺ ഫാർമ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. ബിപിസിഎൽ, കോൾഇന്ത്യ, എൻടിപിസി, അദാനി പോർട്ട്‌സ്, ആക്‌സിസ് ബാങ്ക് എന്നിവ കനത്ത നഷ്ടം നേരിട്ടു. മേഖലകളിൽ ഫാർമ ഒരു ശതമാനവും പൊതുമേഖല ബാങ്ക് 0.8 ശതമാനവും കൂട്ടിച്ചേർത്തപ്പോൾ ബിഎസ്ഇ മിഡ്ക്യാപ് സൂചിക മാറ്റമില്ലാതെ തുടർന്നു. ചെറിയ ബാങ്കുകളിലെ നിക്ഷേപകരെ സംരക്ഷിക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ അറിയിച്ചത് ആഗോള വിപണിക്ക് ഉണർവേകി. ഫെഡ് റിസർവ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് നിക്ഷേപകർ.