ലോറിക്കു മുകളിൽ പെട്രോളുമായി ആത്മഹത്യാശ്രമം: തൊഴിലാളിയെ പൊലീസ് കീഴ്പ്പെടുത്തി

Thursday 23 March 2023 12:43 AM IST
ലോറിക്ക് മുകളിൽ പെട്രോളുമായി കയറി ആത്മഹത്യാഭീഷണി​യുയർത്തിയ​ ​ലോറിത്തൊഴിലാളിയെ ​ പയ്യോളി സി.ഐ കെ.സി.സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ കീഴ്പ്പെടുത്തുന്നു.​

പയ്യോളി: തിക്കോടി എഫ്.സി.ഐക്ക് സമീപം ലോറിക്കു മുകളിൽ പെട്രോളുമായി കയറി ലോറിത്തൊഴിലാളിയുടെ ആത്മഹത്യാശ്രമം. മൂരാട് സ്വദേശി യാസർ അറഫാത്താണ് ആത്മഹത്യാശ്രമം നടത്തിയത്. പയ്യോളി പൊലീസ് സി.ഐ കെ.സി സുഭാഷ് ബാബു ലോറിക്ക് മുകളിൽ കയറി സാഹസികമായി കീഴ്പ്പെടുത്തി അറഫാത്തിനെ താഴെയിറക്കി. ഇതിനിടയിലുണ്ടായ പിടിവലിക്കിടയിൽ പെട്രോൾ സി.ഐ യുടെ കണ്ണിലും തലയിലും തെറിച്ചു.

ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. എഫ്.സി.ഐ യിൽ നിന്ന് ധാന്യങ്ങൾ കൊണ്ടുപോകാൻ കരാറെടുത്തയാളും, പ്രദേശിക ലോറിത്തൊഴിലാളികളും മാസങ്ങളായി തൊഴിൽ തർക്കമുണ്ടായിരുന്നു. കരാറുകാരൻ പുറത്തു നിന്നും ലോറികൾ കൊണ്ടുവന്ന് ലോഡ് കൊണ്ടുപോകുന്നത് ലോറിത്തൊഴിലാളികൾ പല പ്രാവശ്യം തടഞ്ഞിരുന്നു. സംയുക്ത ലോറി തൊഴിലാളി കോ -ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ഇന്നു മുതൽ അനശ്ചിത കാല സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എഫ്.സി.ഐ ഗോഡൗൺ കവാടത്തിൽ ലോറി തടഞ്ഞപ്പോഴാണ് അറഫാത്ത് ലോറിക്കു മുകളിൽ കയറി ആത്മഹത്യാശ്രമം നടത്തിയത്‌. ലോറിത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷം പൊലീസ് ലോറികൾ കടത്തിവിട്ടു.