തരിശുഭൂമി പൊൻ കതിരണിഞ്ഞു ഉത്സവമായ്.... പത്തുകണ്ടം കൊയ്ത്ത്
നാദാപുരം : വരിക്കോളി കർഷകക്കൂട്ടവും നാദാപുരം ഗ്രാമപഞ്ചായത്തും കൈകോർത്തതോടെ
കാൽ നൂറ്റാണ്ടിലേറെ തരിശു പാടമായിരുന്ന "പത്തു കണ്ടം " പൊൻകതിർ ചൂടി അഭിമാനമായി മാറി. വർഷങ്ങളായി കൃഷിയിറക്കാതെ കാടു മൂടിക്കിടന്ന പാടം നൂറുകണക്കിനാളുകളുടെ കഠിനാധ്വാനത്തിലൂടെയാണ് കൃഷിയോഗ്യമാക്കിയത്. നിലമൊരുക്കലും, വിത്തുവിതയ്ക്കലും,ഞാറു പറിച്ചു നടീലുമെല്ലാം ആഘോഷപൂർവം സംഘടിപ്പിച്ചിരുന്നത്. കല്ലാച്ചി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വളണ്ടിയർമാർ, സമീപത്തെ എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ എന്നിവരെല്ലാം ഇതിൽ പങ്കുചേർന്നു. കേവലം കൃഷി എന്നതിനപ്പുറം നെൽകൃഷിയുടെ പരിശീലന കളരി കൂടിയായി ഈ പ്രവർത്തനത്തെ മാറ്റിയെടുക്കാൻ സംഘാടകരായ വരിക്കോളി കർഷകക്കൂട്ടത്തിനു കഴിഞ്ഞു എന്നത് സവിശേഷതയാണ്. നാദാപുരം ഗ്രാമപഞ്ചായത്ത് കാർഷിക പദ്ധതി വിഹിതം, കർഷകക്കൂട്ടം അംഗങ്ങളിൽ നിന്നും സ്വരൂപിച്ച സംഖ്യ, എന്നിവയിൽ നിന്നാണ് കൃഷി ചെലവുകൾ കണ്ടെത്തിയത്. കാത്തിരിപ്പിനൊടുവിൽ കതിരണിഞ്ഞ പത്തുകണ്ടം പാടത്തെ കൊയ്ത്തും ഉത്സവമായി തന്നെയാണ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ടി. ലീന അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.പി. ബാലകൃഷ്ണൻ, വി. പി. കുഞ്ഞിരാമൻ, എ.ഡി. എ. സുമാറാണി, കൃഷി ഓഫീസർ സജീറ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. കെ. വിനീഷ്, വി. വി. റിനീഷ് വാർഡ് സമിതി കൺവീനർ എം. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വരിക്കോളി കർഷകക്കൂട്ടം കൺവീനർ എ.കെ. ഹരിദാസൻ സ്വാഗതവും ചെയർമാൻ പി. ശ്രീധരൻ നന്ദിയും പറഞ്ഞു.