എഫ്.സി.ഐയിലെ മെല്ലെപ്പോക്ക് സമരം നേരിടാൻ ബദൽ നീക്കം

Thursday 23 March 2023 12:19 AM IST

കൊല്ലം: കൊല്ലം എഫ്.സി.ഐ ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളികളുടെ മെല്ലെപ്പോക്ക് സമരം നേരിടാൻ ബദൽ നീക്കവുമായി പൊതുവിതരണ വകുപ്പ്. കൊല്ലം ഗോ‌ഡൗണിന് പകരം ആവണീശ്വരം എഫ്.സി.ഐ ഡിപ്പോയിൽ നിന്ന് കൂടുതൽ ഭക്ഷ്യധാന്യങ്ങൾ എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് എത്തിക്കാൻ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറായി.

സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിൽ നടക്കുന്ന സമരം,​ ജില്ലയുടെ ഭക്ഷ്യവിഹിതം പൂർണമായും ഏറ്റെടുക്കുന്നതിനെ ബാധിക്കാതിരിക്കാനാണ് ബദൽ സംവിധാനം ഒരുക്കിയത്. ആവണീശ്വരം ഡിപ്പോയിൽ നിന്ന് കൊല്ലത്തേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ കൂടുതൽ തുക ചെലവാകുമെങ്കിലും വിട്ടെടുപ്പ് കൂലിക്കായുള്ള കയറ്റിറക്ക് തൊഴിലാളികളുടെ മെല്ലെപ്പോക്ക് സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

സമരത്തിൽ അയവ്

മെല്ലെപ്പോക്ക് സമരം മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ ഇന്നലെ ചെറിയ അയവുണ്ടായി. സമരത്തിന്റെ ഭാഗമായി അവസാനത്തെ ലോഡുകൾ അഞ്ച് മണിയോട് അടുപ്പിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ കയറ്റിവിട്ടിരുന്നത്. ഈ ലോഡുകൾ വൈകി എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തുമ്പോൾ ഇറക്കാനാകാതെ ഹാൾട്ടിംഗ് ചാർജ്ജ് നൽകേണ്ടി വന്നിരുന്നു. എന്നാൽ,​ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പൊതുവിതരണ വകുപ്പ് നൽകിയ അലോട്ട്മെന്റ് പ്രകാരമുള്ള ലോഡുകൾ പൂർണമായും കയറ്റിവിട്ടു.

Advertisement
Advertisement