മാലിന്യക്കൂനകളിലെ അഗ്നിബാധ : അടിയന്തര യോഗം വിളിച്ച് ദുരന്ത നിവാരണ വിഭാഗം

Thursday 23 March 2023 12:26 AM IST

കൊല്ലം: മാലിന്യക്കൂനകൾക്ക് തീപിടിക്കുന്നത് പതിവാകുകയും അഞ്ചാലുംമൂട്ടിൽ മാലിന്യ സംഭരണ കേന്ദ്രം കത്തിയമർന്ന് വലിയ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അടിയന്തര യോഗം വിളിച്ച് ജില്ലാദുരന്ത നിവാരണ വിഭാഗം. ഹരിതകർമ്മസേന വഴി സംഭരിച്ചതും പൊതുജനം വലിച്ചെറിഞ്ഞ് കുന്നുകൂടിയതുമായ മാലിന്യത്തിന്റെ സംസ്കരണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് യോഗത്തിൽ കർശന നിർദ്ദേശം നൽകും. കളക്ടറുടെ സൗകര്യം അനുസരിച്ച് രണ്ട് ദിവസത്തിനുള്ളിൽ യോഗം ചേരാനാണ് സാദ്ധ്യത. ഓരോ തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിലുള്ള മാലിന്യ സംഭരണ കേന്ദ്രങ്ങളുടെയും മാലിന്യക്കൂനകളുടെയും വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. ഇവിടങ്ങളിൽ അഗ്നിബാധ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാനും നിർദ്ദേശം നൽകും.

കരാർ 35 സ്ഥാപനങ്ങൾക്ക് മാത്രം

കോർപ്പറേഷനും മുനിസിപ്പാലിറ്റികളും അടക്കമുള്ള ജില്ലയിലെ 73 തദ്ദേശ സ്ഥാപനങ്ങളിൽ 35 എണ്ണം മാത്രമേ സർക്കാർ ഏജൻസിയായ ക്ലീൻ കേരള കമ്പനിയുമായി പ്ലാസ്റ്രിക് മാലിന്യ കൈമാറ്റത്തിന് കരാർ ഒപ്പിട്ടിട്ടുള്ളു. ചില തദ്ദേശ സ്ഥാപനങ്ങൾ സ്വകാര്യ ഏജൻസികളുമായാണ് കരാർ. പുനരുപയോഗിക്കാൻ കഴിയുന്ന മാലിന്യം മാത്രമാണ് ഈ ഏജൻസികൾ ശേഖരിക്കുന്നത്. ബാക്കിയുള്ളവ സംഭരണ കേന്ദ്രങ്ങളിൽ കുന്നുകൂടുകയാണ്.

പ്ലാസ്റ്റിക് കത്തിക്കാനും സംഘം

പലയിടങ്ങളിൽ നിന്നായി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ പുനരുപയോഗിക്കാൻ കഴിയാത്തവ പൊതുസ്ഥലങ്ങളിൽ കൂട്ടിയിട്ട് കത്തിക്കുന്ന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ പത്തനംതിട്ടയിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കൊട്ടാരക്കരയിൽ കൂട്ടിയിട്ട് കത്തിച്ച സംഘത്തെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

മാസത്തിൽ 100 ടൺ പ്ലാസ്റ്റിക് മാലിന്യം

ജില്ലയിലെ 35 തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ക്ലീൻ കേരള കമ്പനി സംസ്കരിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന 100 ടൺ പ്ലാസ്റ്റിക് മാലിന്യം ശരാശരി ഒരുമാസം ശേഖരിക്കുന്നുണ്ട്. ഇതിനുള്ള വിലയായി എട്ട് ലക്ഷം രൂപ വരെ നൽകുന്നുണ്ട്. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് 300 ടണ്ണോളം പ്രതിമാസം ഏറ്റെടുക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സംഭരണ കേന്ദ്രങ്ങളിലെ സ്ഥല പരിമിതി, യന്ത്രങ്ങളുടെ അപര്യാപ്തത എന്നിവ കാരണം വേർതിരിക്കലും പൊടിക്കലും വൈകുന്നതായും ക്ലീൻ കേരള അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Advertisement
Advertisement