പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിന് സുരക്ഷിതത്വമില്ല

Thursday 23 March 2023 12:58 AM IST
മാലിന്യങ്ങൾ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന ഷെഡ്.

കരുനാഗപ്പള്ളി: നഗരസഭയുടെ കേശവപുരം ശ്മശാനത്തിലെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിന് വേണ്ടത്ര സുരക്ഷിതത്വമില്ലെന്ന പരാതി വ്യാപകം. ശ്മശാനത്തിന്റെ ചുറ്റുമുള്ള മതിൽ തകർന്നിട്ട് വർഷങ്ങളായി. അത് പുനർനിർമ്മിക്കുന്നതിനുള്ള ഒരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ശ്മശാനത്തിനുള്ളിൽ ആർക്ക് എപ്പോൾ വേണമെങ്കിലും പ്രവേശിക്കാം. ഇതുവരെ ഇവിടെ ഒരു സെക്യൂരിറ്രിയെപ്പോലും നിയോഗിച്ചിട്ടില്ല. അനാഥ മൃതദേഹങ്ങൾ കൊണ്ടുവരുമ്പോൾ മാത്രമാണ് ശുചീകരണ തൊഴിലാളികളിൽ ആരെങ്കിലും എത്തുന്നത്.

ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ല, കാമറ ഇല്ല

ശ്മശാനത്തിന്റെ പ്രധാന ഭാഗങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും അധികൃതർ കേട്ടിട്ടില്ല. നഗരസഭയുടെ പരിധിയിലുള്ള 35 ഡിവിഷനുകളിൽ നിന്ന് ശേഖരിക്കുന്ന ടൺ കണക്കിന് പ്ലാസ്റ്റിക്കാണ് ഇവിടെ സംഭരിക്കുന്നത്. തുറന്ന് കിടക്കുന്ന പഴയ ഷെഡിലാണ് പ്ലാസ്റ്റിക് ഡമ്പ് ചെയ്യുന്നത്. പ്ലാസ്റ്റിക് ശേഖരണത്തിനായി 70 ഹരിത കർമ്മ സേനാംഗങ്ങളാണ് ഉള്ളത്. ഇവരാണ് പ്ലാസ്റ്റിക് തരം തിരിക്കുന്നത്. പ്ലാസ്റ്റിക് സംഭരിക്കുന്ന ഷെഡിന് ചുറ്റും ഇരുമ്പ് കമ്പി വല സ്ഥാപിച്ച് സുരിക്ഷിതമാക്കണമെന്ന ആവശ്യവും അധികൃർ ചെവിക്കൊണ്ടിട്ടില്ല. ഇവിടുത്തെ ഹൈമാസ്റ്റ് ലൈറ്റും പ്രവർത്തന രഹിതമായിട്ട് നാളുകളേറെയായി. 2019ൽ പ്രവർത്തനം ആരംഭിച്ച ഹരിത കർമ്മ സേന കൊവിഡിനെ തുടർന്ന് 2 വർഷം മുമ്പാണ് വീണ്ടും പ്രവർത്തിക്കുന്നത്. ടൗണിലെ സ്ഥാപനങ്ങളിലെ ജൈവ മാലിന്യങ്ങൾ ഉറവിടങ്ങളിൽ നശിപ്പിക്കുകയും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ശ്മശാനത്തിലെ ഗോഡൗണിൽ എത്തിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്.