സിനിമയിൽ ലഹരി ഉപയോഗ സീൻ: എക്സൈസ് കേസ് റദ്ദാക്കി

Thursday 23 March 2023 2:13 AM IST

 വില്ലന്മാരുടെ കാര്യം കഷ്ടത്തിലാകുമെന്ന് ഹൈക്കോടതി

കൊച്ചി: സിനിമയിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി അഭിനയിച്ചവർക്കെതിരെ ലഹരിമരുന്ന് ഉപയോഗത്തിന് കേസെടുത്താൽ വില്ലൻവേഷം ചെയ്യുന്നവരൊക്കെ കൊലക്കേസിലും പീഡനക്കേസിലും വിചാരണ നേരിടേണ്ടി വരില്ലേയെന്ന് ഹൈക്കോടതി. ഒമർ ലുലു സംവിധാനം ചെയ്ത 'നല്ല സമയം"എന്ന ചിത്രത്തിൽ ലഹരി ഉപയോഗിക്കുന്ന സീനുകളുണ്ടെന്ന പേരിൽ കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് സിംഗിൾ ബെഞ്ചിന്റെ പരാമർശം.

ചിത്രത്തിലെ ചില കഥാപാത്രങ്ങൾ എം.ഡി.എം.എ ഉപയോഗിക്കുന്നത് സന്തോഷവും ഉ‌ൗർജവും നൽകുമെന്ന് പറയുന്ന സീനുകൾ ട്രെയ്‌ലറിൽ ഉണ്ടെന്ന പരാതിയിലാണ് എക്സൈസ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ചെന്ന കുറ്റംചുമത്തിയായിരുന്നു കേസ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒമർ ലുലുവും ചിത്രത്തിന്റെ നിർമ്മാതാവ് മംഗലാപുരം സ്വദേശി കലന്തൂർ കുഞ്ഞി അഹമ്മദും നൽകിയ ഹർജി ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് പരിഗണിച്ചത്.

ഒമർലുലു തന്റെ ഫേസ്ബുക്ക് പേജിൽ നൽകിയ ട്രെയ്‌ലറിലെ സീനുകൾ സമൂഹത്തിന് തെറ്റായസന്ദേശം നൽകുമെന്നും സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നുമായിരുന്നു പരാതി. സിനിമയിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന സീനിൽ അഭിനയിച്ചതുകൊണ്ട് അഭിനേതാക്കൾ ശരിക്കും ലഹരിമരുന്ന് ഉപയോഗിച്ചെന്ന നിഗമനത്തിൽ എത്താൻ കഴിയില്ല. അങ്ങനെയെങ്കിൽ കൊലക്കുറ്റത്തിനും പീഡനക്കുറ്റത്തിനും തീവയ്പിനുമൊക്കെ വിചാരണ നേരിടേണ്ടിവരുമെന്നതിനാൽ സിനിമയിലെ വില്ലൻമാരുടെ കാര്യം കഷ്ടത്തിലാകുമെന്നും സിംഗിൾബെഞ്ച് പറഞ്ഞു.