നികുതി വർദ്ധനയ്ക്ക് പിന്നാലെ സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി; അടുത്ത മാസവും വേനൽ തുടർന്നാൽ ഈ ചാർജും ഇരട്ടിക്കും

Thursday 23 March 2023 10:26 AM IST

തിരുവനന്തപുരം: വേനൽമഴ കുറയുകയും ചൂട് കൂടുകയും ചെയ്തതോടെ വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയത് ഉപഭോക്താക്കൾക്ക് ഇരുട്ടടിയായേക്കും. ഇന്നലെ 88.31ദശലക്ഷം യൂണിറ്റാണ് ഉപഭോഗം. ഇതിൽ 74.34 ദശലക്ഷവും പുറമെനിന്ന് കൊണ്ടുവരികയാണ്. വേനൽ ഇനിയും കടുത്താൽ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 9 പൈസ മുതൽ 40 പൈസവരെ സർചാർജ് ഏർപ്പെടുത്താൻ ഇടയുണ്ട്. മാസം 200 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് 100 രൂപവരെ അധികം നൽകേണ്ടിവന്നേക്കുമെന്നാണ് കണക്കാക്കുന്നത്.

2023 മാർച്ച് മുതൽ മെയ് 31വരെ സംസ്ഥാനത്ത് ഉപയോഗിക്കേണ്ടത് 5363കോടിരൂപയുടെ 774 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഇതിൽ 1350 കോടി രൂപയുടെ വൈദ്യുതിമാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ദീർഘകാല,ഹ്രസ്വകാല കരാറിലൂടെയും വൻ വിലയ്ക്ക് ഓപ്പൺ സോഴ്സിൽ നിന്ന് വാങ്ങിയുമാണ് പവർകട്ട് ഒഴിവാക്കുന്നത്.

സംസ്ഥാനത്തെ ജലസംഭരണികളിൽ 50ശതമാനത്തിൽ താഴെ മാത്രമാണ് കരുതൽ ജലം അവശേഷിക്കുന്നത്. സാധാരണ മാസങ്ങളിൽ 70ദശലക്ഷത്തിൽ താഴെയാണ് പ്രതിദിന ഉപഭോഗമെങ്കിൽ ജനുവരി,ഫെബ്രുവരി മാസങ്ങളിൽ ഇത് 78ദശലക്ഷത്തിലേക്കും മാർച്ച് മുതൽ 88 ദശലക്ഷത്തിലേക്കും കുതിക്കും. മഴ കുറഞ്ഞാൽ ഇത് 90 ദശലക്ഷവും കടക്കും. കഴിഞ്ഞ വർഷം ഏപ്രിൽ 8ന് 92.88 ദശലക്ഷം യൂണിറ്റ് ഉപഭോഗമാണ് അടുത്തകാലത്തെ റെക്കാഡ്.

സർചാർജ് വരുന്ന വഴി

കേരളത്തിലെ ശരാശരി വൈദ്യുതി വില ഇപ്പോൾ യൂണിറ്റിന് 6.93 രൂപയാണ്. ഈ മാസം മുതൽ മേയ് വരെ യൂണിറ്റിന് 6 മുതൽ 8 വരെ രൂപയ്ക്ക് വൈദ്യുതി വാങ്ങാനാണ് വൈദ്യുതി ബോർഡ് ഹ്രസ്വകാല കരാർ ഒപ്പുവച്ചിരിക്കുന്നത്. ഇങ്ങനെ കിട്ടുന്നതിൽ കൂടുതൽ വൈദ്യുതി വേണ്ടിവരികയോ,കരാർ പ്രകാരമുള്ള വൈദ്യുതി ലഭിക്കാതിരിക്കുകയോ ചെയ്താലാണ് പുറമെനിന്ന് വൻ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരിക. അതിന്റെ സാമ്പത്തികഭാരം ഉപഭോക്താക്കൾ വഹിക്കേണ്ടിവരും. ഇതൊഴിവാക്കാൻ വൈകിട്ട് ആറുമുതൽ രാത്രി 11വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ അഭ്യർത്ഥന.

ഇരുട്ടടി ആകുന്ന അഞ്ചാംവിപണി

പവർ എക്സ്ചേഞ്ചിലെ സാധാരണ വിപണികളിൽ മുൻപ് യൂണിറ്റിന് 20–21 രൂപ വരെ വില ഉയർന്നിരുന്നു. ഇതു നിയന്ത്രിക്കാനായി കേന്ദ്രം ഇടപെട്ട് വില 12 രൂപയിൽ കൂടാൻ പാടില്ലെന്നു നിയന്ത്രണം കൊണ്ടുവന്നു. നാലുതരം വിപണികളാണ് ഇതുവരെ പവർ എക്സ്ചേഞ്ചിൽ ഉണ്ടായിരുന്നത്.

1.തലേന്നുതന്നെ വില തീരുമാനിച്ച് കരാർ ഉറപ്പിക്കുന്ന വിപണി

2.വാങ്ങുന്നതിന് ഒന്നരമണിക്കൂർ മുൻപ് വില നിശ്ചയിക്കുന്ന വിപണി

3.അടുത്ത ഒരാഴ്ചത്തേക്കുള്ള വില തീരുമാനിച്ച് വാങ്ങുന്ന വിപണി

4.പാരമ്പര്യേതര ഊർജം വിൽക്കുന്ന വിപണി

5. ഈ നാലിടത്തുനിന്നും വൈദ്യുതി ലഭിക്കാതെ വന്നാൽ അഞ്ചാം വിപണിയെ സമീപിക്കേണ്ടിവരും. അവിടെ യൂണിറ്റിന് 50 രൂപവരെ ഈടാക്കാനാണ് കേന്ദ്ര വൈദ്യുതി കമ്മിഷന്റെ അനുമതി. ഗുണനിലവാരമുള്ള കൽക്കരിയിൽനിന്നും മറ്റും ഉത്പാദിപ്പിക്കുന്ന ഹൈപവ‌ർ വൈദ്യുതിയാണത്.

വൈദ്യുതി ഉപഭോഗം

മാർച്ച് മുതൽ മെയ് 31വരെ

2023- 774 കോടി യൂണിറ്റ്

2022- 812 കോടി യൂണിറ്റ്