പ്രേക്ഷകർക്ക് ഒ.ടി.ടി വിലയിട്ടു: ആളെക്കയറ്റാൻ എജന്റുമാർ

Friday 24 March 2023 12:14 AM IST

കൊച്ചി: പ്രേക്ഷകരുടെ അംഗീകാരത്തിന് ഒ.ടി.ടി കമ്പനികൾ വിലയിട്ടതോടെ തിയേറ്ററുകളിൽ ആളെക്കയറ്റാൻ ഫാൻസുകാർക്ക് പുറമെ ഏജൻസികളും സജീവം. തിയേറ്ററുകളിൽ മികച്ച വരുമാനം ലഭിച്ചെന്ന് തെളിയിക്കാനാണ് ആളെക്കയറ്റൽ യത്നം.

ഒ.ടി.ടികളുടെ തുടക്കത്തിൽ യുവതാരങ്ങളുടെ സിനിമകളും വൻതുക നൽകിയാണ് വാങ്ങിയിരുന്നത്. ഒ.ടി.ടി പ്ളാറ്റ്ഫോമുകൾ വർദ്ധിച്ചതോടെ മത്സരം മുറുകി. പ്രതിഫലവും ഉയർന്നു. ഒ.ടി.ടി പ്രദർശനം ലക്ഷ്യമിട്ടും സിനിമകൾ നിർമ്മിക്കുന്ന പ്രവണതയുണ്ടായി.

സൂപ്പർ താരങ്ങളുടെ സിനിമകൾക്കു പോലും പ്രതീക്ഷിച്ച വരുമാനം കിട്ടാതെ വന്നതോടെയാണ് ഒ.ടി.ടി കമ്പനികൾ നയം മാറ്റിയത്. തിയേറ്ററിൽ റിലീസ് ചെയ്ത് പ്രേക്ഷകരുടെ അംഗീകാരവും അഭിപ്രായവും നേടുന്ന സിനിമകൾക്കാണ് ഉയർന്ന വില ലഭിക്കുന്നതെന്ന് നിർമ്മാതാക്കൾ പറഞ്ഞു.

ആദ്യ ആഴ്ചകളിൽ പ്രേക്ഷകർ വൻതോതിൽ എത്തിയെന്ന് തെളിയിക്കാനാണ് ആളെയിറക്കുന്നത്. തുടക്കത്തിൽ ഫാൻസ് അസോസിയേഷൻ അംഗങ്ങൾ സംഘടിതമായി തിയേറ്ററിലെത്തും. തുടർന്ന് പ്രധാനകേന്ദ്രങ്ങളിൽ പ്രേക്ഷകരെ കൂട്ടമായി തിയേറ്ററിൽ എത്തിക്കാനാണ് ഇവന്റ് മാനേജ്മെന്റ് പോലെ പ്രവർത്തിക്കുന്ന ഏജൻസികളെ ഉപയോഗിക്കുന്നത്. ടിക്കറ്റ് ഏജൻസികൾ നൽകും. വിദ്യാർത്ഥികൾ മുതൽ കുടുംബങ്ങളെ വരെ തിയേറ്ററിലെത്തിക്കും. കൈയിൽ നിന്ന് കുറച്ചു തുക ചെലവഴിച്ചാലും ഒ.ടി.ടിയിൽ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ഈ തന്ത്രം.

വരുമാനം ലഭിക്കുന്നതിനാൽ തിയേറ്ററുടമകളും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. ഫാൻസുകൾക്ക് വേണ്ടി ഒന്നോ രണ്ടോ സൗജന്യ പ്രദർശനത്തിനും ചില തിയേറ്ററുടമകൾ തയ്യാറാണ്.

തിയേറ്ററുകളിൽ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷമേ ഒ.ടി.ടിയിൽ സിനിമ പ്രദർശിപ്പിക്കാവൂ എന്നാണ് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് അംഗീകരിച്ച വ്യവസ്ഥ. ഒ,ടി.ടിയിൽ ആദ്യം പ്രദർശിപ്പിച്ച സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയുമില്ല.

''തിയേറ്ററുകളിൽ ആളെക്കയറ്റാൻ ഫാൻസുകാർ മാത്രമല്ല, ഏജൻസികളുമുണ്ട്. വരുമാനം കുറവുള്ളതിനാൽ തിയേറ്ററുടമകൾക്ക് പ്രേക്ഷകരെ എങ്ങനെ ലഭിച്ചാലും സന്തോഷമാണ്.""

കെ. വിജയകുമാർ

പ്രസിഡന്റ്

ഫിയോക്